തിരുവനന്തപുരം- കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അനുപമ പ്രത്യക്ഷ സമരം തുടങ്ങുന്നു. നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം ആരംഭിക്കുമെന്ന് അനുപമ പറഞ്ഞു.
കുട്ടിയെ നഷ്ടമായതായി പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് നീങ്ങുന്നത്.
അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ് പുറത്ത് വന്നിട്ടുണ്ട്.
കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്കിയതും.
അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ ആരോപിച്ചിരുന്നു. പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കുഞ്ഞിനെ മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറയുന്നു.