കണ്ണൂര്‍ - കെ റെയില്‍ സര്‍വേക്കെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര് ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്താന്‍ എത്തിയപ്പോഴാണ് പട്ടിയുടെ കടിയേറ്റത്.
ഗേറ്റ് കടന്ന് അകത്തു കയറിയപ്പോള്‍ ഗൃഹനാഥനും മകനും പുറത്തുവന്നു. എവിടെയാണ് സ്പോട്ട് മാര്‍ക്ക് ചെയ്യുന്നതെന്ന് ചോദിച്ചു. ഈ സ്ഥലം കാണിച്ചു കൊടുക്കാന്‍ ഇവരുമായി മതിലിനരികിലേക്ക് മാറിയപ്പോള്‍ വീട്ടമ്മ പുറത്തു വരികയും ഗേറ്റ് അടക്കുകയും പട്ടിയെ അഴിച്ചുവിടുകയാണെന്ന് അറിയിക്കുകയും ചെയ്തു. വീട്ടു പറമ്പില്‍ നിന്ന് പുറത്തു പോകുന്നതിനിടെ പട്ടിയെ അഴിച്ചുവിടുകയും പട്ടി ഇരുവരേയും കടിക്കുകയുമായിരുന്നു. ഇരുവരുടെയും കാലിനാണ് പരിക്ക്. ഇവര്‍ മതില് ചാടി റോഡില്‍ എത്തിയതോടെ സര്‍വേ സംഘത്തിലുള്ള മറ്റുള്ളവര്‍ എത്തുകയും ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സര്‍വേ ഏജന്‍സി, കെ.റെയില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.