റിയാദ്- ഒന്നര വര്‍ഷത്തിന് ശേഷം സാമൂഹിക അകലമില്ലാതെ മസ്ജിദുല്‍ ഹറാമില്‍ ജുമുഅ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പിന്‍വലിച്ചതിന് ശേഷം ഇതാദ്യമാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുല്‍ നബവിയിലും വ്യവസ്ഥകള്‍ പിന്‍വലിച്ചുള്ള ജുമുഅ നടന്നത്.
രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ജുമുഅക്ക് പ്രവേശനം നല്‍കിയിരുന്നത്. പള്ളിയുടെ മുറ്റങ്ങളില്‍ മാസ്‌ക് ധരിച്ചാണ് എല്ലാവരും പ്രവേശിച്ചത്. ഹജ് മന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കുള്ള ഇഅ്തമര്‍നാ, ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍നാ എന്നിവ പരിശോധിച്ചാണ് വിശ്വാസികളുടെ പ്രവേശനം നിയന്ത്രിച്ചത്.
അതേസമയം ജുമുഅക്ക് ശേഷം മസ്ജിദുല്‍ ഹറാമില്‍ ശരീരോഷ്മാവ് പരിശോധനക്കുള്ള തെര്‍മോമീറ്ററുകള്‍ ഒഴിവാക്കി. 20 മാസത്തിന് ശേഷമാണ് ഹറമിന്റെ വാതിലുകളില്‍ സ്ഥാപിച്ച തെര്‍മോമീറ്ററുകള്‍ നീക്കിയത്.