ന്യൂയോര്‍ക്ക്- കേരളത്തിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വൈറല്‍ ഡാന്‍സിനെ പ്രകീര്‍ത്തിച്ച് യു.എന്‍. ലോകം കൈയടിച്ച റാസ്പുട്ടിന്‍ വൈറല്‍ ഡാന്‍സിന് സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള യു.എന്‍ റാപ്പോര്‍ട്ടര്‍ കരീമ ബെന്നൂനാണ് പ്രശംസിച്ചത്.
ഡാന്‍സ് ജിഹാദെന്ന് പറഞ്ഞ് ഡാന്‍സിനെതിരെ ഉയര്‍ന്ന വിമര്‍ശനം അപകടകരമാണെന്ന് അവര്‍ പറഞ്ഞു.
ഡാന്‍സ് വീഡിയോക്കെതിരെ ഉയര്‍ന്ന വിമര്‍ശനം സാംസ്‌കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്ന് കരീമ ബെന്നൂന്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും നടത്തിയ ഡാന്‍സാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്.
ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ വെച്ചാണ് റാസ്പുടിന്‍ ഗാനത്തിന് ചുവടുവെച്ചത്.
ഹിന്ദു പെണ്‍കുട്ടിയും മുസ്്‌ലിം യുവാവും നടത്തിയ ഡാന്‍സായതിനാല്‍ ഒരു വിഭാഗം വിദ്വേഷ പ്രചാരണവുമായി രംഗത്തുവരികയായിരുന്നു.
ഡാന്‍സില്‍ മതം കലര്‍ത്താന്‍ നടത്തിയ ശ്രമത്തെ തള്ളി നിരവധി പേര്‍ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.
സാമൂഹികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കരീമ ബെന്നൂന്‍. എല്ലാവരുടേയും സാസ്‌കാരിക അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
21ാം നൂറ്റാണ്ടില്‍ വിവേചനമില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പുനല്‍കാനുള്ള ഒരേയൊരു മാര്‍ഗം സാംസ്‌കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണെന്നും കരീമ ബെന്നൂന്‍ പറഞ്ഞു.