ന്യൂദല്‍ഹി- പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. 2019ല്‍ ജാമിഅ നഗറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഷര്‍ജീലിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. പ്രകോപനമുണ്ടാക്കുന്ന പ്രസംഗം നടത്തി സമരക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.
സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് കോടതി തീരുമാനം പ്രഖ്യാപിച്ചത്.
ചിന്തകളാണ് നമ്മെ രൂപപ്പെടുത്തുന്നത്. അതിനാല്‍ ചിന്തിക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കുക. വാക്കുകള്‍ രണ്ടാമതാണ്. ചിന്തകള്‍ ജീവിക്കുന്നു. അവ വളരെ ദൂരം സഞ്ചരിക്കുന്നു- വിവേകാനന്ദന്റെ വാക്കുകള്‍ കോടതി ഉദ്ധരിച്ചു.
ഭരണഘടന ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും അത് സമൂഹത്തെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിയുടെ പ്രസംഗമാണ് അക്രമത്തിനു പ്രേരണയായതെന്ന് പറയാനാവില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അഞ്ജു അഗര്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷികളെയോ തെളിവോ ഹാജരാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഷര്‍ജീലിന്റെ പ്രസംഗം അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന് പറയുന്നത് സംശയാസ്പദമാണ്. ജാമിഅ നഗറിനു പുറമെ അലീഗഢ് മുസ്്‌ലിം സര്‍വകലാശാലയിലും ഷര്‍ജീല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
2020 ജനുവരി 28ന് ബിഹാറില്‍ അറസ്റ്റിലായ ഷര്‍ജീലിനെതിരെ വേറയും കേസുകളുണ്ട്. ദല്‍ഹിക്കുപുറമെ, അസം,യു.പി, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് കേസുകള്‍.