ഇന്ന് എം.പി. നാരായണ മേനോന്റെ ചരമവാർഷികം
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ബ്രിട്ടീഷ് രാജിനെതിരെ യുദ്ധം ചെയ്തുവെന്നാരോപിച്ച് എം.പിക്കെതിരെ കേസെടുക്കുകയും 1921 സെപ്റ്റംബർ പത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 16 നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 24 സമര നേതാക്കളിൽ ഏക അമുസ്‌ലിം ഇദ്ദേഹം മാത്രമായിരുന്നു. മുസ്‌ലിംകൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന എം.പിയുടെ അറസ്റ്റ് മലബാറിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കി. വാരിയൻ കുന്നത്ത് ഒരു മുറിവേറ്റ സിംഹമായി മാറുന്നത് എം.പി. നാരായണ മേനോന്റെ അറസ്റ്റോടു കൂടിയാണ്.
'വെച്ചുണ്ടാക്കിയതൊക്കെ വിരുന്നുകാർക്ക് വിളമ്പും. വീട്ടിലെ വിരിപ്പും പായയും സമരക്കാർക്ക് കിടന്നുറങ്ങാൻ കൊടുക്കും. ഞങ്ങൾ പട്ടിണി കിടക്കും. അല്ലെങ്കിൽ കട്ടൻ ചായ കുടിച്ച് വെറും നിലത്തോ ബെഞ്ചിലോ കിടന്നുറങ്ങും. കോഴിക്കോട്ടു നിന്നും പാലക്കാട്ടു നിന്നും ഒറ്റപ്പാലത്തു നിന്നുമെല്ലാം ജാഥകൾ പെരിന്തൽമണ്ണ വഴിയാണ് പോവുക. അതുവഴി ജാഥ വന്നാൽ വീട്ടിലേ വിശ്രമിക്കൂ...'ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും ദേശീയ പ്രസ്ഥാനത്തിന്റെ നായകരിൽ പ്രമുഖനുമായ മുതൽപൂരേടത്ത് നാരായണ മേനോൻ എന്ന എം.പി. നാരായണ മേനോന്റെ സഹോദര പത്‌നി ലക്ഷ്മിക്കുട്ടി അമ്മയുടെ വാക്കുകളാണിത്.
മലബാർ സമരത്തിന്റെ പുനർവായന സജീവമായ ഈ നൂറാം വാർഷികത്തിൽ വളരെയധികം എടുത്തുപറയേണ്ട നാമമാണ് എം.പി. നാരായണ മേനോൻ. നാരായണ മേനോനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും സ്വാതന്ത്ര്യ സമര ഗോദയിൽ മുൻപന്തിയിലുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങളും ഒരേസമയം ജയിലിൽ കിടന്ന സന്ദർഭവും ഉണ്ടായിട്ടുണ്ട്. നാരായണ മേനോൻ 14 വർഷവും ഗോവിന്ദ മേനോൻ മൂന്നു വർഷവും ശിക്ഷ അനുഭവിച്ചപ്പോൾ കുഞ്ഞിക്കണ്ണൻ മേനോനെ ഒമ്പത് മാസത്തെ കഠിന തടവിനാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. അതുകൊണ്ട് തന്നെ ഇവരുടെ മാതാവിനെ ദേശാഭിമാനികളുടെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആനി ബസന്റിന്റെ ബ്രാഹ്മണവിദ്യാ സംഘത്തിലും ഹോംറൂൾ പ്രസ്ഥാനത്തിലും നാരായണ മേനോൻ ഉണ്ടായിരുന്നു. എന്നാൽ മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജി നേതൃത്വം നടക്കുന്ന നിസ്സഹകരണ പ്രസ്ഥാനത്തിന് എതിരായി മിതവാദി നേതാക്കൾ കൊണ്ടുവന്ന പ്രമേയത്തെ എതിർത്തുകൊണ്ട് നിസ്സഹകരണ സമരം അത്യാവശ്യമാണെന്ന പ്രമേയം നാരായണ മേനോൻ അവതരിപ്പിച്ചു. വലിയ ഭൂരിപക്ഷത്തിന് ഈ പ്രമേയം വിജയിച്ചതിനെ തുടർന്ന് ആനിബസന്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് കോൺഗ്രസിൽ നിന്നു തന്നെ രാജിവെക്കുകയും ചെയ്തു. മലബാറിലെ ആദ്യ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷയായിരുന്ന ആനിബസന്റ് തന്നെ മലബാർ കലാപത്തിനെതിരെ ലേഖനമെഴുതുകയുണ്ടായി എന്ന സംഘപരിവാർ വാദത്തിന്റെ നിരർത്ഥകത ബോധ്യമാവണമെങ്കിൽ മഞ്ചേരി സമ്മേളനത്തിന്റെ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്.
വള്ളുവനാട്ടിലെ സമ്പൽ സമൃദ്ധവും കുലീനവുമായ മുതൽപൂരേടത്ത് കുടുംബത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി സുഭിക്ഷമായി കഴിയാനുള്ള ജീവിത ചുറ്റുപാടിൽ നിന്നാണ് പാവപ്പെട്ട പാട്ടക്കുടിയാൻമാരെ സംഘടിപ്പിച്ച് ആത്മസുഹൃത്തായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരോടൊപ്പം ചേർന്ന് മലബാർ കുടിയാൻ സംഘം എന്ന പേരിൽ സംഘടന രൂപീകരിച്ച് നാരായണ മേനോൻ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയത്. കള്ളിത്തുണിയും അരക്കയ്യൻ ബനിയനുമിട്ട് മാപ്പിള വേഷത്തിൽ നടന്നിരുന്ന നാരായണ മേനോനെ മാപ്പിള മേനോൻ എന്നും വിളിച്ചിരുന്നു.
കെ.പി. കേശവമേനോനോടും കെ. മാധവൻ നായരോടും പല വിഷയത്തിലും അഗാധമായ വിയോജിപ്പുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലബാറിലെ ഏറ്റവും വലിയ ഖിലാഫത്ത് നേതാവ് ആരാണെന്ന് ചോദിച്ചാൽ എം.പി. നാരായണ മേനോൻ എന്ന് നിസ്സംശയം പറയാൻ സാധിക്കും.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ചേർന്ന് ബ്രിട്ടീഷ് രാജിനെതിരെ യുദ്ധം ചെയ്തുവെന്നാരോപിച്ച് എം.പിക്കെതിരെ കേസെടുക്കുകയും 1921 സെപ്റ്റംബർ പത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 16 നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 24 സമര നേതാക്കളിൽ ഏക അമുസ്‌ലിം ഇദ്ദേഹം മാത്രമായിരുന്നു. മുസ്‌ലിംകൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന എം.പിയുടെ അറസ്റ്റ് മലബാറിലെ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാക്കി. വാരിയൻ കുന്നത്ത് ഒരു മുറിവേറ്റ സിംഹമായി മാറുന്നത് എം.പി നാരായണ മേനോന്റെ അറസ്റ്റോടു കൂടിയാണ്. മഞ്ചേരിയിൽ നിന്ന് തിരൂർ വരെ ചങ്ങലയിൽ ബന്ധിച്ച് നടത്തിയാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അവിടെ നിന്ന് തീവണ്ടി മാർഗം വെല്ലൂർ ജയിലിലേക്ക് കൊണ്ടുപോയി.
അദ്ദേഹത്തിന്റെ അറസ്റ്റിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മാപ്പ് ചോദിച്ചാൽ വിട്ടയക്കാമെന്ന് സാമ്രാജ്യത്വ മേധാവികൾ പറയുകയും മാപ്പ് പറയാൻ മഹാത്മാഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾ എം.പി നാരായണ മേനോനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തിൽ ഗാന്ധിജി ജയിലിലേക്ക് കത്തയക്കുക വരെ ചെയ്യുന്നുണ്ട്. പക്ഷേ മാപ്പെഴുതി രക്ഷപ്പെടാൻ അദ്ദേഹം കൂട്ടാക്കിയില്ല. പിന്നീട് വൈസ്രോയിക്ക് ലഭിച്ച നിവേദനത്തെ തുടർന്ന് ഉപാധികളോടെ എം.പിയെ വിട്ടയക്കാമെന്നു അധികൃതർ അറിയിച്ചു.
രണ്ടു കൊല്ലത്തേക്ക് മലബാറിലേക്ക് കടക്കില്ല എന്ന് ഉറപ്പു നൽകുകയും മാപ്പു പറയുകയും വേണം. ഇതായിരുന്നു ഉപാധികൾ. ഈ ഉപാധികളും നാരായണ മേനോൻ നിരസിച്ചു. ജനരോഷം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉപാധികൾ മയപ്പെടുത്തി. ലഹളക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായി പ്രവർത്തിക്കില്ലെന്നും എഴുതിക്കൊടുത്താൽ നാരായണ മേനോനെ വിട്ടയക്കാമെന്നായി. ഒന്നാമത്തെ നിബന്ധന എനിക്ക് സ്വീകാര്യമാണ്. കാരണം ഞാൻ ലഹളക്കോ യുദ്ധത്തിനോ നേതൃത്വം കൊടുത്തിട്ടില്ല. രണ്ടാമത്തെ നിബന്ധന സ്വീകാര്യമല്ല. കാരണം നാളത്തെ ഇന്ത്യയിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ലല്ലോ. ഇതായിരുന്നു എം.പിയുടെ മറുപടി. ഇത് കാരണം ശിക്ഷാകാലാവധിയായ 14 വർഷവും ജയിൽ വാസമനുഷ്ഠിച്ചു. കാലാവധിക്ക് ശേഷം 1934 ഒക്ടോബർ ഒന്നിനു അദ്ദേഹത്തെ വിട്ടയച്ചു. ജയിൽ മോചനത്തിനു ശേഷം കോൺഗ്രസിൽ സജീവമാകുകയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് വീണ്ടും ജയിലിലാവുകയും ചെയ്തു. കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ചത് നാരായണ മേനോനായിരിക്കും. എങ്കിലും സ്വാതന്ത്ര്യ സമര പെൻഷൻ അടക്കം ഒരു പ്രതിഫലവും പറ്റാൻ അദ്ദേഹം കൂട്ടാക്കിയില്ല. സ്വാതന്ത്ര്യത്തിനു ശേഷവും വളരെക്കാലം ജീവിച്ച നാരായണ മേനോൻ 1966 ഒക്ടോബർ 22 ന് ഇഹലോകവാസം വെടിഞ്ഞു.