റിയാദ്- തൊഴിലാളികളുടെ പ്രൊബേഷൻ കാലം ദീർഘിപ്പിക്കുന്നതിന് അവരുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രൊബേഷൻ കാലം 90 ദിവസമാണ്. ഇത് 180 ദിവസത്തിൽ കൂടാത്ത നിലക്ക് ദീർഘിപ്പിക്കാവുന്നതാണ്. ഇങ്ങനെ പ്രൊബേഷൻ കാലം ദീർഘിപ്പിക്കുന്നതിന് തൊഴിലാളികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്.
പ്രൊബേഷൻ കാലത്ത് പെരുന്നാൾ അവധികളും രോഗാവധികളും കണക്കാക്കില്ല. ഒരേ തൊഴിലാളിയെ ഒരേ തൊഴിലുടമക്കു കീഴിൽ ഒന്നിലധികം തവണ പരീക്ഷിച്ചു നോക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണ്. ഇങ്ങനെ രണ്ടാമത് പരീക്ഷിച്ചു നോക്കുന്നത് മറ്റൊരു തൊഴിലിലായിരിക്കണം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ അവസാനിച്ച് ആറു മാസം പിന്നിട്ടാലും തൊഴിലാളിയെ രണ്ടാമതും പരീക്ഷിച്ചു നോക്കാവുന്നതാണ്. പ്രൊബേഷൻ കാലത്ത് തൊഴിൽ കരാർ അവസാനിപ്പിച്ചാൽ തൊഴിലാളിക്കും തൊഴിലുടമക്കും നഷ്ടപരിഹാരത്തിനും തൊഴിലാളിക്ക് സർവീസ് ആനുകൂല്യത്തിനും അവകാശമുണ്ടാകില്ല.
പുതിയ മക്കൾ പിറന്നാൽ മൂന്നു ദിവസവും വിവാഹത്തിന് അഞ്ചു ദിവസവും ഭാര്യയോ മക്കളോ മാതാപിതാക്കളോ മരണപ്പെട്ടാൽ അഞ്ചു ദിവസവും അവധിയാണ് തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നത്. തൊഴിലുടമയുടെ അനുമതിയോടെ വേതന രഹിത ലീവ് പ്രയോജനപ്പെടുത്തുകയും പരീക്ഷാ ലീവ് ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്. രോഗാവധിയിൽ ആദ്യത്തെ മുപ്പതു ദിവസം പൂർണ വേതനവും പിന്നീടുള്ള അറുപതു ദിവസം നാലിൽ മൂന്ന് വേതനവും ലഭിക്കും. ഇതിനു ശേഷം വേതനമില്ലാതെ 30 ദിവസം കൂടി ലീവ് പ്രയോജനപ്പെടുത്താവുന്നതാണ്.
വാർഷികാവധിക്കാലത്ത് മറ്റൊരു തൊഴിലുടമക്കു കീഴിൽ ജോലി ചെയ്യുന്നതിന് തൊഴിലാളിക്ക് അനുമതിയില്ല. തൊഴിലുടമയുടെ അനുമതിയോടെ വാർഷിക ലീവ് തൊട്ടടുത്ത വർഷത്തേക്ക് നീട്ടിവെക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്. ഇങ്ങനെ നീട്ടിവെക്കുന്ന വാർഷികാവധി പ്രയോജനപ്പെടുത്തുന്നതിനു മുമ്പായി ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അവകാശപ്പെട്ട വാർഷികാവധിയുടെ വേതനം ലഭിക്കും. വാർഷികാവധി ഉപേക്ഷിക്കുന്നതിനും ഇതിനു പകരം പണം കൈപ്പറ്റുന്നതിനും പാടില്ലെന്നും തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ അനുശാസിക്കുന്നു.