തിരുനല്‍വേലി- തമിഴ്‌നാട്ടില്‍ 90കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ പാളയം കോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിട്ടാണ് എസ് പെരുമന്താള്‍ (90) ചുമതലയേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ സത്യപ്രതിജ്ഞാ ചെയ്ത് ചുമതലയേറ്റത്.
ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിലാണ് താന്‍ വിജയിച്ചതെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും സത്യപ്രതിജ്ഞ ചെയ്ത ശേഷം പെരുമന്താള്‍ പറഞ്ഞു. രണ്ട് വനിതാ മത്സരാര്‍ഥികളെ പിന്നിലാക്കി 1568 വോട്ടുകള്‍ നേടിയായിരുന്നു ഇവരുടെ വിജയം. 77.12 ശതമാനം വോട്ടാണ് പെരുമന്താളിന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥികളായ കെ സെല്‍വറാണി 426 വോട്ടുകള്‍ നേടിയപ്പോള്‍ 37 വോട്ടുകളാണ് മറ്റൊരു സ്ഥാനാര്‍ഥി ഉമയ്ക്ക് ലഭിച്ചത്.
തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന വിശേഷണം ലഭിച്ച 21കാരിയായ കെ അനു തെങ്കാശി ജില്ലയിലെ ചെങ്കോട്ട യൂണിയന്‍ തെര്‍ക്കുമേട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിഎ ബിരുദധാരിയായ അനുവിന് 534 വോട്ടുകളാണ് ലഭിച്ചത്. ഗ്രാമത്തിന്റെ വികസനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. യുവതിയുടെ പിതാവ് ഇതേ പഞ്ചായത്തില്‍ മൂന്ന് തവണ പ്രസിഡന്റായിരുന്നു.
തെങ്കാശിയിലെ ജില്ലയില്‍ 22 കാരിയായ ചാരുലതയുടെ വിജയവും ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരത്തില്‍ ഒരു വോട്ടിനാണ് ചാരുലത വിജയിച്ചത്. എന്‍ജിനിയറിങ് ബിരുദധാരിയാണ് ഇവര്‍. 9 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികള്‍ ബുധനാഴ്ചയാണ് ചുമതലയേറ്റത്. 140 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, 1,381 പഞ്ചായത്ത് യൂണിയന്‍ അംഗങ്ങള്‍, 22,581 ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, 2,901 പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരാണ് ചുമതലയേറ്റത്. ഒക്ടോബര്‍ 6, 7 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.