റിയാദ്- കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ജുമുഅക്ക് മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും ഒരുങ്ങി. മസ്ജിദുല്‍ ഹറാമിന്റെ 50 വാതിലുകള്‍ തുറന്നിടും. നാലായിരത്തോളം തൊഴിലാളികളെ ശുചീകരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ദിനം പ്രതി 10 പ്രാവശ്യമാണ് ശുചീകരണം നടക്കുന്നത്. അണുനശീകരണവും യാത്രാസംവിധാനങ്ങളും വാതിലുകളുടെ മേല്‍നോട്ടവും എല്ലാം ക്രമീകരിച്ചിട്ടുണ്ടെന്ന് ഹറം സര്‍വീസ് സെക്രട്ടറി മുഹമ്മദ് അല്‍ജാബിരി വ്യക്തമാക്കി.
80000 ലിറ്റര്‍ അണുനാശിനിയും 15000 ലിറ്റര്‍ മുന്തിയ സുഗന്ധവും ശുചീകരണപ്രക്രിയക്കായി ഉപയോഗിക്കും. പള്ളിക്കുളളിലും പുറത്തുമായി 3000 വേസ്റ്റ് ബോക്സുകളും 500 ലധികം ഹാന്‍ഡ് സെന്‍സര്‍ സാനിറ്റൈസര്‍ ഉപകരണങ്ങളും അമ്പതിനായിരം സംസം കാനുകളും 550 ഹാന്റ് സാനിറ്റൈസറും 11 സ്മാര്‍ട്ട് റോബോട്ട് സാനിറ്റൈസറുമടക്കം വിപലുമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.