ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റി കര്‍ഷകരെ കൂട്ടക്കൊല ചെയ്ത യുപിയിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട ഒരു ബിജെപി അംഗത്തിന്റെ വീട് സന്ദര്‍ശിച്ച സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കര്‍ഷക നേതാക്കള്‍ ചര്‍ച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. കര്‍ഷകരുടെ സമരത്തെ സംബന്ധിച്ചിടത്തോളം യോഗേന്ദ്രയുടെ സന്ദര്‍ശനം അനുചിതമായിരുന്നു എന്നാണ് കര്‍ഷക നേതാക്കളുടെ വിലയിരുത്തല്‍. ഒരു മാസത്തേക്ക് സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് തീരുമാനം. യോഗത്തിലും പങ്കെടുപ്പിക്കില്ല. സമര വേദിയില്‍ കയറി പ്രസംഗിക്കാനും അനുവദിക്കില്ല. അതേസമയം ഈ കാലയളവില്‍ കര്‍ഷകരോടൊപ്പം വേണമെങ്കില്‍ സമരത്തില്‍ പങ്കെടുക്കാമെന്നും പഞ്ചാബ് കിസാന്‍ യൂനിയന്‍ അധ്യക്ഷന്‍ റുല്‍ദു സിങ് മന്‍സ പറഞ്ഞു.