Sorry, you need to enable JavaScript to visit this website.

ഹിമാചലില്‍ കാണാതായ 11 സാഹസിക യാത്രികരില്‍ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഷിംല- ഉത്തരഖാണ്ഡില്‍ നിന്ന് ട്രക്കിങ് ആരംഭിച്ച് പിന്നീട് കാണാതായ 11 സാഹസിക യാത്രികരില്‍ അഞ്ചു പേരെ ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ ജില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കിന്നോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആബിദ് ഹുസൈന്‍ സാദിഖ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ ഹര്‍ഷിലില്‍ നിന്ന് ഹിമാചലിലെ കിന്നോര്‍ ജില്ലയിലെ ചിത്കുലിലേക്ക് 11 അംഗ സംഘം ഒക്ടോബര്‍ 11നാണ് ട്രക്കിങ് ആരംഭിച്ചത്. ഒക്ടോബര്‍ 17നും 19നുമായി ലംഖാഗ പാസില്‍ വച്ചാണ് മോശം കാലാവസ്ഥയില്‍ ഇവരെ കാണാതായത്. ഈ ട്രക്കിങ് പാതയിലെ ഏറെ ദുര്‍ഘടം പിടിച്ച വഴിയാണ് ലംഖാഗ പാസ്. സമുദ്രനിരപ്പില്‍ നിന്നും 20,000 അടി ഉയരത്തിലാണ് ഈ മേഖല.  

മരിച്ച അഞ്ചു പേരുടെ മൃതദേഹം ഈ പ്രദേശത്ത് പലയിടത്തായി മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ രണ്ടു യാത്രികരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ഉത്തരാഖണ്ഡിലെ ഹിമാലയന്‍ ജില്ലയിലെ ആശുപത്രിയിലേക്ക് കോപ്റ്ററിലാണ് കൊണ്ടു പോയത്. കരസേന, ഐടിബിപി, കിന്നോര്‍ പോലീസ് സേനകള്‍ സംയുക്തമായാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തി വരുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള എട്ടു പേരും ദല്‍ഹിയില്‍ നിന്നുള്ള ഒരാളും മൂന്ന പാചകക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഉത്തര്‍കാശി ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംഘടിപ്പിച്ചായിരുന്നു ഇവരുടെ യാത്ര.
 

Latest News