ഓര്‍ഡര്‍ ചെയ്ത ഐഫോണിനു പകരം ലഭിച്ചത് സോപ്പ്, ആമസോണ്‍ പണം തിരികെ നല്‍കി

കൊച്ചി- ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തില്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍.

ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത ആലുവ സ്വദേശി നൂറുല്‍ അമീനാണ് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും അഞ്ച് രൂപയുടെ നാണയവും ലഭിച്ചത്.

70,900 രൂപയുടെ ഐഫോണാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്.  ഡെസ്പാച്ച് ആയ ഫോണ്‍ സേലത്ത് ഒരുദിവസം തങ്ങി എന്ന സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് സംശയം തോന്നി നൂറുല്‍ അമീന്‍ ഡെലിവറി ബോയിയുടെ മുന്നില്‍വെച്ചു തന്നെ പാര്‍ സല്‍ പൊട്ടിച്ചുനോക്കുകയായിരുന്നു.

ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ നൂറുല്‍ പുറത്തു വിട്ടിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞയുടന്‍ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിനു പുറമെ, ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയും ചെയ്തു.

എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്‌റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായി പോലീസ് ബന്ധപ്പെട്ടതിനു പിന്നാലെയാണ്  പണം തിരികെ നല്‍കിയതെന്ന് കരുതുന്നു.

ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി നൂറുല്‍ അമീന്‍ പറഞ്ഞു. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു.

 

 

Latest News