ഭോപാല്‍- നിയമവിരുദ്ധമായ ആയുധ ഇടപാടുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഗുനയില്‍ പോലീസ് ദേശീയ കബഡി താരം റിങ്കു ജാട്ട് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. ആയുധങ്ങള്‍ ഇടപാടുകാരന് കൈമാറായി ശിവപുരിയിലേക്ക് പോകുന്നതിനിടെയാണ് സംഘം പിടിയിലായത്. അഞ്ച് ലോഡഡ് പിസ്റ്റളുകള്‍, വെടിയുണ്ട നിറക്കുന്ന മൂന്ന് മാഗസീനുകളുമാണ് പിടിച്ചെടുത്തത്. നാലു പേരേയും തൊണ്ടിസഹിതമാണ് അറസ്റ്റ് ചെയ്തത്.
ദേശീയ കബഡി താരമായ റിങ്കു ജാട്ട് ഹരിയാന സ്വദേശിയാണ്. പ്രൊഫഷനല്‍ കബഡി ലീഗില്‍ കളിക്കുന്ന താരവുമാണ്. അനായാസം പണമുണ്ടാക്കാനാണ് താരം ആയുധ ഇടപാടിലേര്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റാംപാല്‍ ജാട്ട്, അമിര്‍ ഖാന്‍, മഹേന്ദ്ര റാവത്ത് എന്നിവരാണ് മറ്റു പ്രതികള്‍. റാംപാലും ഹരിയാനയിലെ സോനിപത് സ്വദേശിയാണ്. മറ്റു രണ്ടു പ്രതികളും മധ്യപ്രദേശിലെ ശിവപുരി സ്വദേശികളുമാണ്. പോലീസിന് രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. പിടികൂടിയ അഞ്ച് തോക്കുകളും മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ നിര്‍മിച്ചവയാണ്. ഇതു വിതരണം ചെയ്ത ആളേയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.