ബംഗളൂരു- മുസ്ലിം വിവാഹം പല അര്‍ഥങ്ങളുള്ള കരാറാണെന്നും ഹിന്ദു വിവാഹം പോലെ ദിവ്യകര്‍മമല്ലെന്നും കര്‍ണാടക ഹൈക്കോടതി. മുസ്ലിം വിവാഹഹം ഉടമ്പടിയായതിനാല്‍ തന്നെ അത് അവസാനിപ്പിക്കുന്നതോടെ ചില അവകാശങ്ങളും ബാധ്യതകളും ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ബംഗളൂരു ഭുവനേശ്വരി നഗറിലെ ഇസാസുറഹ്മാന്‍ (52) ഫയല്‍ പരാതിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2011 ഓഗസ്റ്റ് 12 ന് കുടുംബ കോടതിയിലെ ഫസ്റ്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
5000 രൂപ മെഹര്‍ നല്‍കി നടത്തിയ വിവാഹം മാസങ്ങള്‍ക്കു ശേഷം 1991 നവംബര്‍ 25ന് റഹ്്മാന്‍ അവസാനിപ്പിച്ചിരുന്നു. സൈറാ ബാനുവിനെ തലാഖ് ചൊല്ലുകയാണ് ചെയ്തത്.
മറ്റൊരു വിവാഹം ചെയ്ത റഹ്്മാന്‍ ഒരു കുട്ടിയുടെ പിതാവാകുകയും ചെയ്തു. ഇതിനു പിന്നാലെ 2002 ഓഗസ്റ്റ് 24 ന് സൈറ ബാനു ചെലവിനുവേണ്ടി സിവില്‍ ഹരജി ഫയല്‍ ചെയ്തു. ഹരജിക്കാരി പുനര്‍വിവാഹം നടത്തുന്നതുവരെ മാസം 3000 രൂപ ചെലവിനു നല്‍കണമെന്നാണ് കുടുംബ കോടതി ഉത്തരവിട്ടത്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന ഹരജി 25,000 രൂപ കോടതി ചെലവോടെ ഹൈക്കോടതി തള്ളി.
വിവാഹ മോചിതരാകുന്ന സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കുക ഭക്തരായ മുസ്്‌ലിംകളുടെ മതപരവും ധാര്‍മികവുമായ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആനിലെ അല്‍ ബഖറ അധ്യായത്തിലെ സൂക്തങ്ങള്‍ ഉദ്ധരിച്ച് ജസ്റ്റിസ് ദീക്ഷിത് പറഞ്ഞു.