മുംബൈ- ലഹരിക്കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ ജയിലിലെത്തി സന്ദർശിച്ചതിന് പിന്നാലെ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെത്തി. റെയ്ഡിന് എത്തിയതല്ലെന്നും ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പേപ്പർ വർക്കുകൾക്കായാണ് വീട്ടിൽ എത്തിയതെന്നും എൻ.സി.ബി വ്യക്തമാക്കി. ഷാറുഖ് ഖാന്റെ വീട്ടിൽ എൻ.സി.ബി അധികൃതർ എത്തിയ അതേസമയത്ത് തന്നെ സിനിമ താരം അനന്യ പാണ്ഡേയുടെ വീട്ടിലും എൻ.സി.ബി റെയ്ഡ് നടത്തി. ഇന്ന് രാവിലെയാണ് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ഷാറൂഖ് ഖാൻ എത്തിയത്. കഴിഞ്ഞ പതിനാലു ദിവസമായി ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിക്കാൻ ഇതാദ്യമായാണ് ഷാറുഖ് എത്തിയത്. ഇരുപത് മിനിറ്റോളം ജയിലിൽ ചെലവിട്ട ഷാറൂഖ് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. ഇന്നലെ ഷാറൂഖ് ഖാനും ഭാര്യയും ആര്യൻ ഖാനുമായി ജയിലിൽ വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.