ന്യൂദൽഹി - പാർട്ടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയിലെത്തിക്കാൻ സി.പി.എം നീക്കം. ഫെബ്രുവരി 18ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പാർട്ടിയുടെ കോട്ടയായ ത്രിപുരയിൽ നിന്നാണ് യെച്ചൂരിയെ സഭയിലെത്തിക്കുകയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ത്രിപുരയിൽനിന്നും ഏക പാർട്ടി രാജ്യസഭാ എം.പിയായ ജർന ദാസ് ബൈദ്യയെ രാജിവപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും. ഇവർക്ക് സംസ്ഥാനത്ത് മന്ത്രി പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ സീറ്റിലേക്കായിരിക്കും യെച്ചൂരിയെ അയക്കുക.
വീണ്ടും രാജ്യസഭാ എം.പിയായാൽ യെച്ചൂരിക്ക് പാർട്ടി നേതൃസ്ഥാനം ഉപേക്ഷിക്കേണ്ടി വരും. പാർട്ടി നേതൃസ്ഥാനം മുൻ സെക്രട്ടറി പ്രകാശ് കാരാട്ടിനോ അദ്ദേഹത്തെ അനുകൂലികുന്നവർക്കോ ലഭിക്കാനിടയുണ്ട്. മറ്റു കക്ഷികളെ പോലും ആകർഷിക്കുന്ന യെച്ചൂരിയുടെ സഭയിലെ പ്രകടനം കണക്കിലെടുത്ത് മൂന്നാം തവണയും അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയിൽ വീണ്ടും സഭയിലെത്തേണ്ടെന്നും രണ്ടു തവണ മാത്രമെ എം.പിയാകാവൂ എന്ന പാർട്ടി ചട്ടവുമാണ് വിലങ്ങായത്. കോൺഗ്രസ് പിന്തുണയോട് യെച്ചൂരിക്ക് അനുകൂല നിലപാടാണെങ്കിലും കാരാട്ട് പക്ഷത്തിനും പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും കടുത്ത എതിർപ്പാണുള്ളത്.
ജർന ദാസ് ബൈദ്യയുടെ രാജ്യസഭാ കലാവധി 2022 വരെ ഉണ്ട്. ത്രിപുരയിൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ മന്ത്രി പദവി വാഗ്ദാനം നൽകിയാണ് ഇവരെ രാജിവെപ്പിക്കുന്നത്. രാജ്യസഭയിൽ ഇവരുടെ രണ്ടാം ടേം ആണിത്. പാർട്ടിയുടെ നിയന്ത്രണം തങ്ങളുടെ കൈകളിൽ തന്നെ ഭദ്രമാക്കാമെന്നു കണക്കു കൂട്ടുന്ന കാരാട്ടു പക്ഷത്തിനു യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭാംഗമാക്കുന്നതിൽ കാര്യമായി എതിർപ്പുണ്ടാവാനിടയില്ല.