വാഷിങ്ടന്‍- ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ വച്ചുപിടിപ്പിച്ചുള്ള പരീക്ഷണം വിജയിച്ചു. വൈദ്യശാസ്ത്ര രംഗത്ത് വഴിത്തിരിവായ ഈ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിജയം അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചു. സെപ്തംബര്‍ 25ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു വൈദ്യശാസ്ത്ര രംഗത്തെ ഈ ആദ്യ പരീക്ഷണം. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ഒരു വ്യക്തിയിലാണ് പരീക്ഷിച്ചത്. വൈദ്യശാസ്ത്ര രംഗത്തിന്റെ പുരോഗതിക്കു വേണ്ടി കുടുംബത്തിന്റെ സമ്മതത്തോടെയാണ് ഈ വ്യക്തിയില്‍ രണ്ടു ദിവസത്തെ പരീക്ഷണം നടത്തിയത്. വച്ചുപിടിപ്പിച്ച വൃക്ക പ്രതീക്ഷിച്ചതു പോലെ ശരിയായി പ്രവര്‍ത്തിച്ചുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റോബര്‍ട്ട് മൊണ്ട്‌ഗോമറി പറഞ്ഞു. വച്ചുപിടിപ്പിച്ച വൃക്കയ്ക്ക് ക്രിയാറ്റിന്‍ തോത് കുറയ്ക്കാന്‍ കഴിഞ്ഞു. വൃക്കയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകമാണ് ഈ ശേഷി. മോണ്ട്‌ഗോമറിയുടെ സംഘവും രണ്ടു മണിക്കൂര്‍ സമയമെടുത്താണ് ഈ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
പരീക്ഷണ സൗകര്യത്തിന് വേണ്ടി പന്നിയുടെ വൃക്ക രോഗിയുടെ കാലില്‍ ശസ്ത്രക്രിയ നടത്തി രക്തധമനികളുമായി ബന്ധിപ്പിക്കുകയായിരുന്നു. നിരീക്ഷിക്കാനും പരിശോധനാ സാംപിളുകളെടുക്കാനും സൗകര്യത്തിനായിരുന്നു ഇത്. പരീക്ഷണത്തിന് പാത്രമായ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി അവയവ ദാനത്തിന് സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാല്‍ കുടുംബം ഏറെ നിരാശയിലായിരുന്നുമെന്നും മോണ്ട്‌ഗോമറി പറഞ്ഞു. ഈ ശസ്ത്രക്രിയ അവയവദാനത്തിന് സമാനമായി മറ്റൊരു അവസരാമായി കണ്ട് കുടുംബം ആശ്വസിച്ചതായും അദ്ദേഹം പറഞ്ഞു. 54 മണിക്കൂര്‍ നീണ്ട പരീക്ഷണത്തിനു ശേഷം ഈ വ്യക്തിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും വൈകാതെ മരണം സംഭവിക്കുകയം ചെയ്തു.