അഹമ്മദാബാദ്- മദ്യനിരോധനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിക്കാത്തതിനാല്‍ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ഗുജറാത്തിലെ ഗ്രാമീണര്‍. ഗ്രാമത്തിലെ പൊതുസ്ഥലത്ത് ഒരുകൂട്ടില്‍ രാത്രി മുഴുവന്‍ അടച്ചിടുകയും പിഴ ഒടുക്കിയാല്‍മാത്രം തുറന്നുവിടുകയുമാണ് ശിക്ഷ.വിശേഷാവസരങ്ങളില്‍ വാദ്യങ്ങള്‍ മുഴക്കുന്ന നാഥ് സമുദായമാണ് അവര്‍ക്ക് കൂടുതല്‍ അംഗങ്ങളുള്ള 24 ഗ്രാമങ്ങളില്‍ ഈ പരിപാടി നടപ്പാക്കിയത്. അഹമ്മദാബാദ് ജില്ലയിലെ മോത്തിപുര ഗ്രാമത്തിലാണ് സമ്പ്രദായം തുടങ്ങിയത്. ഭര്‍ത്താക്കന്‍മാര്‍ മദ്യത്തിന് അടിമകളായി മരിച്ചതിനാല്‍ വിധവകള്‍ ഏറിയപ്പോഴാണ് സര്‍ക്കാരിനെമാത്രം ആശ്രയിക്കാതെ ഒരു പരിഹാരം തേടിയതെന്ന് സര്‍പാഞ്ചും നാഥ് ബജാനിയ സമാജ് നേതാവുമായ ബാബു നായക് പറഞ്ഞു. ക്രമേണ സുരേന്ദ്രനഗര്‍, അമ്രേലി, കച്ച് ജില്ലകളിലെ സമുദായാംഗങ്ങളും ഇത് അനുകരിച്ചു.
മദ്യപിച്ച് ശല്യമുണ്ടാക്കുന്നവരെപ്പറ്റി രഹസ്യമായി വിവരം നല്‍കുന്നവര്‍ക്ക് 500 രൂപമുതല്‍ പാരിതോഷികം നല്‍കും. മിക്കവാറും ഭാര്യമാരാകും വിവരം നല്‍കുന്നത്. പ്രശ്‌നക്കാരെ ൈകയ്യോടെ പിടിച്ച് പട്ടിക്കൂടുപോലെയുള്ള ഇരുമ്പുകൂട്ടില്‍ അടയ്ക്കും. ഒരു കുപ്പിവെള്ളവും വിസര്‍ജനത്തിന് ഒരു കലവും നല്‍കും. രാവിലെ 1200 രൂപ മുതല്‍ 2500 രൂപവരെ പിഴയായി സമുദായത്തിന് നല്‍കിയാല്‍ തുറന്നുവിടും. അതുവരെ കൂട്ടില്‍ കഴിയണം. ഈ സംവിധാനം നടപ്പായതോടെ മദ്യപാനം കുറഞ്ഞതായാണ് സമുദായ നേതാക്കള്‍ അവകാശപ്പെടുന്നത്.
മദ്യപിക്കുന്നത് ഗുജറാത്തില്‍ കുറ്റകരമാണെങ്കിലും കേസുനടത്താന്‍ പണച്ചെലവ് ഉള്ളതിനാല്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്ന ഗ്രാമീണര്‍ കുറവാണ്. കൂടുതല്‍ കാലം ജയിലില്‍ കിടന്നാല്‍ കുടുംബത്തിന്റെ വരുമാനവും കുറയും. നാട്ടുകൂട്ടത്തിന്റെ ശിക്ഷ കൂടുതല്‍ നാണക്കേടുണ്ടാക്കുന്നതിനാല്‍ ഫലപ്രദമാണെന്നാണ് അവകാശവാദം. സമാന്തര ശിക്ഷയ്‌ക്കെതിരേ പോലീസിനെ സമീപിക്കാന്‍ ഒരു കുടിയനും ധൈര്യപ്പെട്ടിട്ടില്ല