മോസ്‌കോ- ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘം റഷ്യയില്‍ താലിബാന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ സലാം ഹനഫിയുമായി നേരിട്ട് ചര്‍ച്ച നടത്തി അഫ്ഗാന് മാനുഷിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ റഷ്യ വിളിച്ചു ചേര്‍ത്ത 10 രാജ്യങ്ങളുടെ യോഗത്തിനിടെയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ജോയിന്‍ സെക്രട്ടറി (അഫ്ഗാന്‍) ജെ.പി സിങും ജോയിന്‍ സെക്രട്ടറി (യൂറേഷ്യ) ആദര്‍ശ് സൈ്വകയും താലിബാന്‍ ഉപ പ്രധാനമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ഇന്ത്യ സഹായവാഗ്ദാനം നല്‍കിയതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ആണ് ട്വീറ്റിലൂടെ അറിയിച്ചത്. പൊതുവായ ആശങ്കകള്‍ കണക്കിലെടുക്കേണ്ടതും നയന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുമാണെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചതായും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ അഫ്ഗാനിസ്ഥാന് വലിയ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സന്നദ്ധമാണെന്ന് ജെ പി സിങ് പറഞ്ഞതായും താലിബാന്‍ വക്താവ് അറിയിച്ചു. ആദ്യമായാണ് ഇന്ത്യയുടെ സഹായ വാഗ്ദാനം ലഭിച്ചതായി താലിബാന്‍ പേരെടുത്തു പറയുന്നത്.
താലിബാന്‍ ഭരണകൂടം അയല്‍രാജ്യങ്ങളടക്കം ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്ന് 10 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി മുഖാമുഖം സംവദിച്ച യോഗത്തില്‍ താലിബാന്‍ ഉപപ്രധാനമന്ത്രി ഉറപ്പുനല്‍കി. റഷ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലേക്കുള്ള ക്ഷണം യുഎസ് നേരത്തെ നിരസിച്ചിരുന്നു.
അതേസമയം അഫ്ഗാനിലേക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കടുത്ത ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിലേക്ക് ഇന്ത്യ 50,000 മെട്രിക് ടണ്‍ ഗോതമ്പ് കയറ്റിഅയക്കാനൊരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. ഇത് അവിടെ എങ്ങനെ എത്തിക്കുമെന്നതു സംബന്ധിച്ചുള്ള ആലോചനകള്‍ നടന്നു വരുന്നതായാണ് റിപോര്‍ട്ട്. ഇത്തരം സഹായമെത്തിക്കലിന് മേല്‍നോട്ടം നല്‍കാന്‍ യുഎന്നിനാണ് ശേഷിയുള്ളതെന്ന് കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞിരുന്നു.