റിയാദ്- സാങ്കൽപിക നിറക്കൂട്ടുകളുടെ അകമ്പടിയിൽ വിനോദാവേശത്തിന്റെ മായാലോകത്തേക്ക് സൗദി ജനതയെ ഉയർത്തിവിട്ട് റിയാദ് സീസൺ 2021ന് തുടക്കമായി. അമേരിക്കൻ നടനും റാപ്പറുമായ പിറ്റ്ബുളിന്റെ സംഗീത പരിപാടിയും 1500 കലാകാരന്മാരുടെ പരേഡുകളും നാടൻ കലാപരിപാടികളും വെടിമരുന്ന് പ്രയോഗവും ഡ്രോണുകളുടെ വട്ടമിട്ടുപറക്കലും സൗദി ജനതക്ക് അവിസ്മരണീയ വിസ്മയ കാഴ്ചകൾ തീർത്തു. കൂടുതൽ സങ്കൽപ്പിക്കൂ എന്ന ബാനറിൽ 14 പ്രധാനവേദികളിലായി നടക്കുന്ന പരിപാടികൾ ഇന്ന് മുതൽ അഞ്ച് മാസം റിയാദ് നഗരത്തിന് ഉറക്കമില്ലാത്ത രാവുകളാണ് സമ്മാനിക്കുന്നത്.
أهلًا وسهلًا بكم في pic.twitter.com/jbpnWHbspK
— TURKI ALALSHIKH (@Turki_alalshikh) October 20, 2021
വൈകുന്നേരത്തോടെ തന്നെ ഉദ്ഘാടന നഗരിയിൽ ജനം തിങ്ങിനിറഞ്ഞിരുന്നു. എഴുപത് നിരകളായി തയ്യാറാക്കിയ വേദിയിൽ പതിനായിരക്കണക്കിന് പേർ സംബന്ധിച്ചു. ഇമാം സൗദ് ബിൻ ഫൈസൽ, അമീർ തുർക്കി അൽഅവ്വൽ റോഡുകളെല്ലാം നേരത്തെ തന്നെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. വർണങ്ങൾ വാരിവിതറിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കൽനാ സ്റ്റാറ്റസ് പരിശോധിച്ചായിരുന്നു നഗരിയിലേക്ക് പ്രവേശനം.
ഉദ്ഘാടന ചടങ്ങിലേക്ക് സൗജന്യഓൺലൈൻ ടിക്കറ്റായിരുന്നു അനുവദിച്ചിരുന്നത്. ഇത് സംബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റർടൈൻമെന്റ് അതോറിറ്റി ഗവർണർ തുർക്കി ആലുശൈഖ്് ട്വീറ്റ് ചെയ്ത് മിനുട്ടുകൾക്കം ടിക്കറ്റുകൾ തീർന്നിരുന്നു. രാവേറെ ചെന്നാണ് പരിപാടികൾക്ക് സമാപനമായത്.
ഇന്ന് വ്യാഴ്ം ബോളിവാർഡ് റിയാദ് സിറ്റിയിൽ മുഹമ്മദ് അബ്ദുവിന്റെയും വേൾഡ് റസലിംഗ് എന്റർടൈൻമെന്റിന്റെയും പ്രത്യേക പരിപാടികളാണ് നടക്കുക. 22 ന് റിയാദ് ഫ്രന്റിൽ ഇലക്ട്രോണിക് ഗെയിം, 23ന് കോംപാറ്റ് ഫീൽഡിൽ ആയുധ പ്രദർശനങ്ങൾ, 24ന് മുറബ്ബയിലെ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം, 26 ന് വിന്റർവണ്ടർ ലാന്റ് വിനോദ പരിപാടികൾ, 27ന് റിയാദ് സഫാരി എന്നിവ തുടങ്ങും. 29,30 തിയ്യതികളിൽ ബോളിവാർഡിൽ നടക്കുന്ന സംഗീത മേളയിൽ മുഹമ്മദ് അബ്ദുവിന്റെ ഈജിപ്ഷ്യൻ ഓർക്കസ്ട്ര ടീം അണിനിരക്കും. നവംബർ ഒന്നിന് മറ്റൊരു ഉദ്ഘാടന ചടങ്ങും നടക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ബോളിവാർഡ് റിയാദ് സിറ്റി, വയ റിയാദ്, കോംപാറ്റ് ഫീൽഡ്, വിന്റർ വണ്ടർവേൾഡ്, റിയാദ് ഫ്രന്റ്, അൽമുറബ്ബ, റിയാദ് സഫാരി, ആൽആദിരിയ, ഓയാസിസ്, ഗ്രൗവ്‌സ്, നബ്ദുറിയാദ്, ഖർയതു സംസം, അൽസലാം ട്രീ, ഖലൂഹ എന്നിങ്ങനെ 14 പ്രധാനവേദികളിലാണ് അഞ്ചുമാസം നീണ്ടു നിൽക്കുന്ന സീസൺ പരിപാടികൾ അരങ്ങേറുക. മൊത്തം 7500ലധികം പരിപാടികളുണ്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
മൂന്നു കിലോമീറ്റർ നടപ്പാത, 200ൽ അധികം റസ്റ്റാറൻറുകൾ, കഫേകൾ, നാലു തിയറ്ററുകൾ, ഒരു ആഗോള വേദി, 500 ഇലക്ട്രോണിക് ഗെയിമുകൾ, ഒമ്പത് അന്താരാഷ്ട്ര സ്റ്റുഡിയോകൾ, ഒരു ഗോൾഫ് മൈതാനം, 12 ടെന്നിസ് കോർട്ടുകൾ എന്നിവയെല്ലാം ഇതിന്നായി സജ്ജമാക്കിയിട്ടുണ്ട്.
കവിത സായാഹ്നങ്ങൾ, പോരാട്ട അനുഭവങ്ങൾ, യുദ്ധ ടാങ്ക് ഓടിക്കൽ, ഷൂട്ടിങ്, വളർത്തുമൃഗ സൗഹൃദമേഖല, സഫാരി ടൂറുകൾ എന്നിവയും ഉണ്ടാകും. റിയാദ് ഗെയിംസ് ഫെസ്റ്റിവൽ, സൗദി ആനിമേഷൻ ഫെസ്റ്റിവൽ, ഇലക്ട്രോണിക് ഗെയിംസ് എക്‌സിബിഷൻ, പെർഫ്യൂം എക്‌സിബിഷൻ, ജ്വല്ലറി എക്‌സിബിഷൻ, കാർ എക്‌സിബിഷൻ, ഫുട്ബാൾ മത്സരങ്ങൾ എന്നിവയും സീസണിലുണ്ടാകും. ഏഴ് അന്താരാഷ്ട്ര റസ്റ്റാറൻറുകളും മൂന്നു അന്താരാഷ്ട്ര കഫേകളും സീസണിൽ പങ്കടുക്കും.
സംഗീതക്കച്ചേരികളും ജനപ്രിയ വിനോദ ഷോകളും ഉണ്ടാകും. ഏഴ് സ്‌ക്രീനുകളുള്ള ആഡംബര സിനിമ ഹാൾ, മികച്ച അന്താരാഷ്ട്ര ബ്രാൻഡുകളുടെ 23 സ്റ്റോറുകൾ എന്നിവയും പങ്കെടുക്കും. സൗദി പൗര•ാരുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി നിരവധി തിയറ്ററുകളും ഒരുക്കിയിട്ടുണ്ടെന്നും സൗദി വിനോദ അതോറിറ്റി വ്യക്തമാക്കി. ആരോഗ്യമുൻകരുതൽ പാലിച്ചായിരിക്കും ഓരോ വേദികളിലേക്കും പ്രവേശനം. സീസൺ ടിക്കറ്റുകളെ തവക്കൽനാ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും.
റെസ്ലിംഗ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി പ്രശസ്തമായ ഡബ്ല്യുഡബ്യുഇ ക്രൗൺ ജുവൽ മൽസരമാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 31ന് കിംഗ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലായിരിക്കും കാണികളെ ആവേശത്തിലാഴ്ത്തുന്ന മൽസരം അരങ്ങേറുക. ഡാൻസ് ഫെസ്റ്റിവലിൽ യുഎഇ ഗായകൻ ഹുസൈൻ അൽ ജാസ്മി, ലബനീസ് പോപ് താരങ്ങളായ നാൻസി അജ്‌റാം, നവാൽ സോഗ്ബി, സിറിയൻ താരം അസ്സാല, ഈജിപ്ഷ്യൻ നടനായ അമീൻ അൽഹനീദി തുടങ്ങിയവർ അണിനിരക്കും. ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപെ തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫുട്‌ബോൾ മൽസരം. പ്രാദേശിക ക്ലബ്ബുകളായ അൽ ഹിലാൽ, അൽ നസർ തുടങ്ങിയവയും മൽസരത്തിന്റെ ഭാഗമാവും.