ഒഹായൊ- ഹെയ്ത്തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ 17 യു.എസ് ക്രിസ്ത്യന്‍ മിഷനറിമാരെ വിട്ടയക്കുന്നതിന് വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ യു.എസ് വിദേശവകുപ്പിലേയും ഹെയ്തിയിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
തട്ടിയെടുത്ത ആളുകള്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളറാണ് അക്രമികള്‍ ആവശ്യപ്പെടുന്നത്. ഇത്തരം കൂട്ടറാഞ്ചലിന് കുപ്രസിദ്ധമായ ഒരു മാഫിയാ സംഘമാണ് കൃത്യത്തിന് പിന്നില്‍. വിദേശങ്ങളില്‍ അമേരിക്കന്‍ പൗരന്മാര്‍ ബന്ദികളാക്കപ്പെട്ടാല്‍ മോചനത്തിനായി പണം നല്‍കരുത് എന്നതാണ് അമേരിക്ക വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന നയമെന്നതിനാല്‍ ഇക്കാര്യത്തില്‍ എന്തു തീരുമാനമാണ് കൈക്കൊള്ളുകയെന്ന് വ്യക്തമല്ല.
ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷനറിസിലെ 17 പേരെയാണ് തട്ടിയെടുത്തത്. ഒരാള്‍ കനേഡിയന്‍ പൗരനാണ്. ശനിയാഴ്ച ഓര്‍ഫനേജില്‍ നിന്നു പുറത്തുവരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘാംഗങ്ങളാണ് തട്ടികൊണ്ടുപോയതെന്ന് ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഹെയ്ത്തിയിലെ യുഎസ് എംബസിയുമായി മിഷന്‍ ഫീല്‍ഡ് ഡയറക്ടര്‍ ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.
തട്ടിയെടുക്കപ്പെട്ടവരില്‍ ഏതാനും കുട്ടികളുമുണ്ട്. ഇവര്‍ക്ക് മോചനദ്രവ്യ വ്യവസ്ഥ ബാധകമാണോ എന്ന് വ്യക്തമല്ല.