വാഷിംഗ്ടന്‍- വിദേശ പൗരന്മാര്‍ക്ക് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ യു.എസിന്റെ പുതിയ നയം ചില രാജ്യങ്ങള്‍ക്ക് തലവേദനയാകുന്നു. യു.എസിന്റെ വാക്‌സിന്‍ നയത്തില്‍ കോവിഡ് മുക്തരായവരെ കണക്കാക്കിയിട്ടില്ല.
കോവിഡ് മുക്തരാവുകയും ഒരു ഡോസ് സ്വീകരിക്കുകയും ചെയ്തവരെ പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവരുടെ പട്ടികയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. യു.എസിലേക്ക് പ്രവേശിക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ പുതിയ നയം ഇവിടെനിന്നുള്ളവരെ പ്രതിസന്ധിയിലാക്കുന്നു.
നവംബര്‍ എട്ടു മുതല്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്കായി യു.എസ് അതിര്‍ത്തികള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒറ്റ ഷോട്ടുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒരു ഡോസ് വാക്‌സിന്‍ അല്ലെങ്കില്‍ മറ്റു വാക്‌സിനുകളുടെ രണ്ടു ഡോസ് എന്നിവ എടുത്തവര്‍ക്കു മാത്രമെ രാജ്യത്തേക്ക് പ്രവേശനമുള്ളൂ എന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.
രണ്ടു ഡോസും സ്വീകരിക്കണമെന്ന് നിബന്ധനയുള്ള ഇന്ത്യ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യു.എസിന്റെ നയം പ്രശ്‌നം സൃഷ്ടിക്കില്ല.