ന്യൂദൽഹി - ഇന്ത്യയിലെ മുസ്ലിംകളെ പാക്കിസ്ഥാനികളെന്ന് വിളിക്കുന്നത് കുറ്റമാക്കുന്നതിന് സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഒരു ഇന്ത്യൻ മുസ്ലിമിനെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം തന്റെ ആവശ്യം പരിഗണിക്കപ്പെടില്ലെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവരില്ലെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം തള്ളിക്കളഞ്ഞവരാണ് ഇന്ത്യയിലെ മുസ്ലിംകളെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ് ഈ വിഷയം ഉവൈസി ഉന്നയിച്ചത്.