ഫ്‌ളോറിഡ- അമേരിക്കൻ ഇലക്ട്രിക് കാർനിർമ്മാണ കമ്പനിയായ ടെസ്ലയുടെ സഹസ്ഥാപനമായ സ്‌പേസ് എക്‌സ് ലോകത്തെ ഏറ്റവും വലിയ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശത്ത് ഓടിക്കാൻ ടെസ്ലയുടെ റോഡ്സ്റ്റർ എന്ന കാറും വഹിച്ചു കൊണ്ടാണ് റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചത്. അര നൂറ്റാണ്ടു മുമ്പ് അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസ ആദ്യമായി ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ചത് ഇവിടെ നിന്നായിരുന്നു. 63,500 കിലോ ഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുണ്ട് ഫാൽക്കൻ ഹെവിക്ക്. മൂന്ന് ബൂസ്റ്റർ റോക്കറ്റുകളുടേയും 27 എഞ്ചിനുകളുടേയും കരുത്തിലാണ് ഈ റോക്കറ്റ് കുതിച്ചുയർന്നത്.
വിക്ഷേപണം വിജയിച്ചതോടെ ലോകത്ത് ഉപയോഗത്തിലിരിക്കുന്ന ഏറ്റവും കരുത്തുറ്റ റോക്കറ്റ് എന്ന പേരും സ്‌പേസ് എക്‌സിന്റെ ഫാൽക്കൻ ഹെവി സ്വന്തമാക്കി. സ്‌പേസ് എക്‌സിന്റേയും ടെസ്ലയുടേയും മേധാവിയായ എലൻ മസ്‌കിന്റെ പേരിലുള്ള കാറാണ് ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്നത്. ഭൂമിക്കും ചൊവ്വക്കുമിടയിലെ സൗര ഭ്രമണപഥം ലക്ഷ്യമിട്ടാണ് കാർ അയച്ചിരിക്കുന്നത്. ഇവിടെ എത്തുന്നതിനു മുമ്പ് ഏറെ പ്രതിബദ്ധങ്ങൾ റോക്കറ്റിനകത്തെ കാറിനു തരണം ചെയ്യേണ്ടതുണ്ട്. വിക്ഷേപണത്തിലെ അമിത ചൂട്, ബഹിരാകാശത്തിലെ വിദ്യൽ കാന്തിക തരംഗങ്ങളുടെ വിസ്‌ഫോടനങ്ങൾ, ഭൂമിയെ ചുറ്റിയുള്ള വികിരണങ്ങൾ എന്നിവയെ എല്ലാം അതിജീവിച്ച ശേഷം ഏറ്റവും ഒടുവിൽ റോക്കറ്റിനുള്ളിൽ നിന്നും ശരിയായ ഭ്രണപഥത്തിലേക്ക് കാറിനെ ഒരു സ്‌ഫോടനത്തോടെ തള്ളി വിടുന്ന പ്രക്രിയയും വിജയകരമായാൽ ആറു മാസത്തിനകം ടെസ്ലയുടെ കാർ ബഹിരാകാശ ഓട്ടം തുടങ്ങും.
ഭൂമിയുടേയും ചൊവ്വയുടേയും പരിസരങ്ങളിൽ 100 കോടി വർഷം ഓടാൻ ഈ കാറിനാകുമെന്നാണ് എലൻ മസ്‌കിന്റെ അവകാശവാദം. കാർ ചൊവ്വയോട് എറ്റവും അടുത്തെത്തുമെന്നും ചൊവ്വയലേക്കു പതിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
മസ്‌കിന്റെ ശ്രമങ്ങൾ വിജയിച്ചാലും ഇല്ലെങ്കിലും റോക്കറ്റ് വിക്ഷേപണ വിപണിയെ ഫാൽക്കൻ ഹെവി വിക്ഷേണ വിജയം പിടിച്ചുലച്ചിരിക്കുകയാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയക്കാൻ നാസ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൂറ്റൻ റോക്കറ്റിന്റെ പത്തിലൊന്ന് ചെലവിലാണ് മസ്‌കിന്റെ സ്‌പേസ് എക്‌സ് കുറ്റൻ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 90 ദശലക്ഷം ഡോളർ ചെലവിലാണ് എലൻ മസ്‌ക് ഫാൽക്കൻ ഹെവി വിജയകരമായി വിക്ഷേപിച്ചത്. ഈ റോക്കറ്റിൽ മനുഷ്യരെ വഹിക്കാൻ പദ്ധതി ഉണ്ടായിരുന്നില്ലെന്ന് മസ്‌ക് നേരത്തെ വ്യക്തമായിരുന്നു. ഇതിനായി മറ്റൊരു കൂറ്റൻ റോക്കറ്റ് കൂടി സ്‌പേസ് എക്‌സ് വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വയിൽ ഒരു നഗരം പണിയുകയാണ് തന്റെ അന്തിമ ലക്ഷ്യമെന്നും മസ്‌ക് വ്യക്തമാക്കുന്നു.