മുംബൈ-ദല്‍ഹി-മുംബൈ വിമാനത്തില്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. ഒക്ടോബര്‍ 14ന് സഹര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടി ഒക്ടോബര്‍ ഒന്നിന് ദല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്‌റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. കൂടാതെ തന്നെ അയാള്‍ക്കരികിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു.ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. അതേദിവസം രാത്രി തന്നെ നടി എയര്‍ലൈന്‍ കമ്പനിക്ക് മെയില്‍ വഴി പരാതി നല്‍കുകയും തുടര്‍ന്ന് വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍, സംഭവം നടന്നത് അവരുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ സഹര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു.
കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ ഇയാള്‍ സ്വന്തം പേര് പറയാതെ സഹയാത്രികന്റെ പേരായിരുന്നു നല്‍കിയത്. രാജീവ് എന്നയാളുടെ പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്. പോലീസ് രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി. താനല്ല പ്രതിയെന്നും നിതിന്‍ എന്നയാളാണെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.തുടര്‍ന്ന് രാജീവ് അയച്ചുകൊടുത്ത ഫോട്ടോയില്‍ നിന്ന് നടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.