റിയാദ്- അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസണ്‍ 2021 ഇന്ന് വൈകീട്ട് ഏഴു മണിക്ക് 1500 കലാകാരന്മാരുടെ റോഡ്‌ഷോയോടെ ആരംഭിക്കും. 2760 ഡ്രോണുകള്‍ വട്ടമിട്ടുപറക്കുന്ന ഉദ്ഘാടന നഗരിയില്‍ അമേരിക്കന്‍ റാപ്പറായ പിറ്റ്ബുളിന്റെ നേതൃത്തില്‍ പ്രത്യേക കലാപ്രകടനങ്ങള്‍ അരങ്ങേറും. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന വെടിക്കെട്ടും അത്യാകര്‍ഷകമാകും. സൗദി അറേബ്യ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള ആഘോഷങ്ങളാണ് ഇന്ന് മുതല്‍ റിയാദില്‍ നടക്കുന്നത്. ഇമാം സൗദ് ബിന്‍ ഫൈസല്‍, അമീര്‍ തുര്‍ക്കി അല്‍അവ്വല്‍, കിംഗ് സല്‍മാന്‍ റോഡുകളില്‍ നിയന്ത്രണങ്ങളുണ്ടാകും. ക്ഷണിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക കാര്‍ പാര്‍ക്കിംഗ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്. 14 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം ആഘോഷം നടക്കുന്നത്.