പനജി- വടക്കൻ ഗോവയിലെ സാങ്കെലിം ഗ്രാമത്തിൽ രണ്ടു പതിറ്റാണ്ടു കാലം സ്വന്തം അമ്മയും സഹോദരനും ചേർന്ന് വീട്ടിനുള്ളിൽ മുറിയിലിടച്ച യുവതിയെ പോലീസും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകരും ഇടപെട്ട് മോചിപ്പിച്ചു. ഇപ്പോൾ 40 വയസ്സുള്ള യുവതിയെ 20-ാം വയസ്സിൽ കോളെജ് പഠന കാലത്താണ് വീട്ടുതടങ്കലിലാക്കിയത്. വളരെ ശോഷിച്ച് മോശം ആരോഗ്യസ്ഥിതിയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ. യുവതിയുടെ ഒരു ബന്ധു കഴിഞ്ഞയാഴ്ച നൽകിയ പരാതിയെ തുടർന്നാണ് മോചനത്തിന് വഴിയൊരുങ്ങിയത്.
ആരോഗ്യം മെച്ചപ്പെട്ട ശേഷം ഇവരുടെ മൊഴി എടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യുവതി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവർ സംസാരിക്കുന്ന സ്ഥിതിയിലെത്തിയാലെ സംഭവത്തിന്റെ പൂർണ വിശദാംശങ്ങൾ അറിയാൻ കഴിയൂവെന്നും പോലീസ് പറഞ്ഞു.