ജിദ്ദ- വിദ്വേഷ പ്രചാരണവും സംഘപരിവാർ അജണ്ടയും എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി, ജിദ്ദയിൽ സംഘടിപ്പിച്ച ചർച്ച സംഗമം ശ്രദ്ധേയമായി. വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം വെൽഫെയർ പാർട്ടി നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തിയായിരുന്നു സംഗമം നടന്നത്. പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹിം ഒതുക്കുങ്ങൽ അധ്യക്ഷനായി.
കേരളത്തിലെ സാമൂഹിക ഘടന തകർക്കുന്നതിന് ഫാസിസ്റ്റ് ശക്തികളുടെ അജണ്ട കൂട്ടുപിടിച്ച് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയും അതിൽ സംസ്ഥാന സർക്കാർ കാണിച്ച നിസ്സംഗതയും മതേതര കേരളത്തിന് ആപത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി വിഷയാവതരണം നടത്തി.
ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര,
തനിമ ജിദ്ദ പ്രതിനിധി സഫറുല്ല മുല്ലോളി, ഒ.ഐ.സി.സി നേതാവ് സക്കീർ മാസ്റ്റർ, ഇസ്‌ലാഹി സെന്റർ പ്രതിനിധി പ്രിൻസാദ്, സിജി ജിദ്ദാ ചാപ്റ്റർ പ്രതിനിധി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും പ്രവാസി വൈസ് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു.