അങ്ങാടിപ്പുറം- പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നീക്കം ചെയ്യിപ്പിച്ചു. തുടർന്നു മാലിന്യം കൊടുത്തയച്ച വ്യക്തിയുടെ സ്ഥലത്തു കുഴിച്ചിട്ടു. ഇക്കഴിഞ്ഞ 16നു രാത്രി അങ്ങാടിപ്പുറം മേൽപ്പാലത്തിനു താഴെ മൂന്നു കവറുകളിലാക്കിയാണ് മാലിന്യം തള്ളിയത്. പിറ്റേദിവസം ഇതു ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ 14-ാം വാർഡ് അംഗത്തിനോടു വിവരം പറഞ്ഞു. വാർഡ് അംഗവും നാട്ടുകാരും ചേർന്നു മാലിന്യ കവറുകൾ അഴിച്ചു നോക്കിയപ്പോൾ ലഭിച്ച ചില മെഡിക്കൽ ബില്ലുകൾ, സ്ഥാപനങ്ങളുടെ പേരുകൾ എന്നിവ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഒരു ക്വാർട്ടേഴ്‌സിലെ മാലിന്യമാണെന്നു വ്യക്തമായി. ഉടൻ വാർഡംഗം പോലീസിൽ പരാതി നൽകുകയും പോലീസ് ക്വാർട്ടേഴ്‌സ് ഉടമയെ വിളിപ്പിക്കുകയും ചെയ്തു. കീഴാറ്റൂർ പഞ്ചായത്തിലെ തമിഴ്‌നാട്ടുകാരനായ ബാഷയും തൂതയിൽ താമസിക്കുന്ന ശശി എന്ന ഓട്ടോ ഡ്രൈവറുമാണ് ക്വാർട്ടേഴ്‌സിൽ നിന്നു 1500 രൂപ കൂലിയും വാടകയും വാങ്ങി മാലിന്യം
നീക്കം ചെയ്യാൻ സമ്മതിച്ചത്. ഏഴു കവറുകളിലായി കൊണ്ടുവന്ന മാലിന്യം നാലെണ്ണം മേൽപ്പാലത്തിനു താഴെയും മൂന്നെണ്ണം പെരിന്തൽമണ്ണയിലും നിക്ഷേപിച്ചു.
മാലിന്യങ്ങൾ തള്ളിയവർ തന്നെ നീക്കം ചെയ്യാമെന്നു അറിയിച്ചതോടെ മേൽപ്പാലത്തിനു താഴെ മാലിന്യം ശേഖരിച്ചു ക്വാർട്ടേഴ്‌സ് ഉടമയുടെ വീട്ടുവളപ്പിലേക്കു കൊണ്ടുപോയി കുഴിച്ചിട്ടു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമ സേനയെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിഴയായി 2000 രൂപയും ചുമത്തി. വാർഡിലെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് പഞ്ചായത്ത് ഭാരവാഹികൾക്കു
കത്ത് നൽകിയിട്ടുണ്ടെന്നും ഉടൻ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും വാർഡംഗം അറിയിച്ചു. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതു കണ്ടെത്താൻ വാർഡിൽ നിരീക്ഷണ സമിതി രൂപീകരിക്കുമെന്നു അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 14 - ാം വാർഡ് അംഗം കെ.ടി. നാരായണൻ പറഞ്ഞു.