ഷാര്‍ജ- 1576 പ്രസാധകരുടെ 15 ദശലക്ഷം പുസ്തകങ്ങള്‍ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ റഖാദ് അല്‍ അമീരിയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ മൂന്നു മുതല്‍ 13 വരെ ഷാര്‍ജയിലെ എക്സ്പോ സെന്ററിലാണ് പ്രദര്‍ശനം.
22 രാജ്യങ്ങളില്‍ നിന്നുള്ള 85 എഴുത്തുകാര്‍ പരിപാടിയില്‍ സംബന്ധിക്കും. കള്‍ച്ചറല്‍ ഷോകള്‍, സെമിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ അടക്കം 970 പരിപാടികള്‍ അരങ്ങേറും. ദേര്‍ ഈസ് ആള്‍വേയ്സ് എ റൈറ്റ് ബുക്ക് എന്നതാണ് പുസ്തകോത്സവത്തിന്റെ തീം.
ഈജിപ്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പ്രസാധകരെത്തുന്നത്, 295 കമ്പനികള്‍. 250 പ്രസാധകരുള്ള യു.എ.ഇയാണ് രണ്ടാമത്. യു.കെയില്‍നിന്ന് 138 ഉം ലെബനോനില്‍ നിന്ന് 112 ഉം സിറിയയില്‍നിന്ന് 96 ഉം കമ്പനികളെത്തും. ഇന്ത്യയില്‍ നിന്ന് 87 പ്രസാധകരാണ് പങ്കെടുക്കുന്നത്. കൊളംബിയ, ദക്ഷിണ സുഡാന്‍, കാമറൂണ്‍, കെനിയ, മലാവി, റുവാണ്ട, ടാന്‍സാനിയ, ഉഗാണ്ട, സിംബാബ്വെ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ ഇതാദ്യമായി പുസ്തകോത്സവത്തിനെത്തും.