ന്യൂദല്‍ഹി- രാജ്യത്ത് ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറുപതിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്.
വിഷയത്തില്‍ പഠനം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി കണക്കാകുമോ എന്ന കാരൃത്തില്‍ തീരുമാനമുണ്ടാകുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉത്തേജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് 60 ഇന പരിപാടിയില്‍ പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്.
പൗരത്വ നിയമ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.