തിരുവനന്തപുരം- വീട്ടുകരം വെട്ടിപ്പിനെതിരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തുടരുന്ന പ്രതിഷേധം ശക്തമാക്കാന്‍ ബി.ജെ.പി. കോര്‍പ്പറേഷനിലെ 34 കൗണ്‍സിലര്‍മാരും ഇന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. വീട്ടുകരം വെട്ടിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെപി തുടര്‍ന്നുവരുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കൗണ്‍സില്‍ ഹാളിനുള്ളില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ 21 ദിവസമായി രാപകല്‍ സമരം തുടര്‍ന്നുവരുകയാണ്. ബി.ജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഇന്ന് 11ന് നിരാഹാരസമരം ഉദ്ഘാടനം ചെയ്യും.
നിരാഹാരമിരിക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നുമുതല്‍ കോര്‍പ്പറേഷന് പുറത്ത് ബിജെപി രാപകല്‍ സമരം ആരംഭിക്കും. അതോടൊപ്പം നൂറു വാര്‍ഡുകളില്‍ വൈകുന്നേരങ്ങളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തും. പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലും ബിജെപി ധര്‍ണ സംഘടിപ്പിക്കും.