Sorry, you need to enable JavaScript to visit this website.

ഓഹരി വിപണി  തകർന്നടിഞ്ഞു

മുംബൈ/കൊച്ചി- ഓഹരി വിപണിയിലെ 'രക്തച്ചൊരിച്ചിലിൽ' നിക്ഷേപ ലോകം നടുങ്ങിവിറച്ചു. തുടർച്ചയായ ആറാം ദിവസവും ബോംബെ സെൻസെക്‌സും നിഫ്റ്റിയും തകർന്നടിഞ്ഞത് കണ്ട് ബാധ്യതകൾ വിറ്റുമാറാൻ വലിയൊരു വിഭാഗം ഇടപാടുകാർ തിടുക്കം കാണിച്ചതോടെ വിപണി മൂക്കുകുത്തി. ഇന്നലെ ഇടപാടുകളുടെ തുടക്കത്തിൽ സെൻസെക്‌സ് 1200 പോയന്റ് ഇടിഞ്ഞപ്പോൾ നിക്ഷേകപർക്കു  നഷ്ടപ്പെട്ടത് 5.4 ലക്ഷം കോടി രൂപ.   
ഡൗ ജോൺസ് സൂചികയുടെ തകർച്ചയെത്തുടർന്ന് ആഗോള വിപണികളിലേക്കു പടർന്ന ഇടിവിൽ, വിപണി തുറന്ന് ആദ്യ സെക്കൻഡുകളിൽ 1275 പോയന്റാണ് നഷ്ടമായത്. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ നഷ്ടത്തിന്റെ തീവ്രത 550 പോയന്റിലേക്കു കുറഞ്ഞു.
സൂചിക 34,511 പോയന്റിൽനിന്ന് 33,482 വരെ ഇടിഞ്ഞത് അക്ഷരാർഥത്തിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരമാക്കി മാറ്റാൻ കഴുകൻ കണ്ണുകളുമായി വിപണിക്ക് മുകളിൽ പാറിപ്പറന്ന വിദേശ ഫണ്ടുകൾക്ക് കഴിഞ്ഞു. പല ഓഹരികളുടെ വിലകളും പിന്നിട്ട 52 ആഴ്ചകളിലെ താഴ്ന്ന നിലവാരത്തിലേക്ക് നീങ്ങിയതാണ് അവരെ നിക്ഷേപകരാക്കിയത്. ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, എൽ ആന്റ് റ്റി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താൽപര്യത്തിൽ സെൻസെക്‌സ് തിരിച്ചു കയറി. വ്യാപാരാന്ത്യം 34,195 ലാണ്. ഒറ്റ ദിവസത്തെ നഷ്ടം 561 പോയന്റ്. 168 പോയന്റ് തകർന്ന് നിഫ്റ്റി 10,498 ൽ ക്ലോസ് ചെയ്തു.
പുതുവർഷത്തെ എല്ലാ വിപണി പ്രതീക്ഷകളെയും അട്ടിമറിക്കുന്ന പതനമാണ് കണ്ടത്. അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ് വന്നതു മുതൽ വിപണി പതറുകയാണ്. ഓഹരി നിക്ഷേപങ്ങൾക്ക് നികുതിയടക്കമുള്ള നിർദേശങ്ങൾ നിക്ഷേപകരെ സമ്മർദത്തിലാഴ്ത്തിയതിനൊപ്പമാണ് ആഗോള ഓഹരി വിപണിയിലും തകർച്ച പ്രത്യക്ഷപ്പെട്ടത്. അതിനാൽ ഇന്ത്യൻ വിപണിയിൽ ഇരട്ട ആഘാതം പ്രതിഫലിച്ചു. മൂലധനനേട്ട നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനമാണ് ഫെബ്രുവരിയിലെ ആദ്യ വ്യാപാര ദിവസത്തെ ഉലച്ചതെങ്കിൽ അമേരിക്കൻ വിപണിയുടെ ഇടിവ് ചൊവ്വാഴ്ച ആഗോള വിപണികളെ ആകെ ഉലച്ചു. ആഗോള തലത്തിൽ ഓഹരി വിപണികളിൽ ഉണ്ടായ ഇടിവ് സ്വർണ വില ഉയരാൻ കാരണമായി. മുംബൈ ബുള്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിനു 233 രൂപ ഉയർന്നു. 30,526 രൂപയാണ് ഇപ്പോഴത്തെ വില. കേരളത്തിൽ പവന് 240 രൂപ ഉയർന്ന് 22,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
വിദേശ ഫണ്ടുകൾ രൂപ വിറ്റ് ഡോളർ വാങ്ങിക്കൂട്ടാൻ ഫോറെക്‌സ് മാർക്കറ്റിൽ മത്സരിച്ചതോടെ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് നീങ്ങി. ചൊവ്വാഴ്ച 17 പൈസ ഇടിഞ്ഞ് 64.24 ലാണ് രൂപയുടെ വിനിമയ മൂല്യം. ഒരവസരത്തിൽ വിനിമയ നിരക്ക് 64.40 വരെ ഇടിഞ്ഞു. രൂപയുടെ മൂല്യം പിടിച്ചുനിർത്താനുളള ശ്രമങ്ങൾ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തുടങ്ങും. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആർ.ബി.ഐയുടെ ആദ്യ വായ്പ അവലോകന യോഗം തുടങ്ങയിട്ടുണ്ട്. ഇന്ന് അവസാനിക്കുന്ന യോഗത്തിൽ വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ പുറത്തു വന്നേക്കാം. 
കരുതൽ ശേഖരത്തിലെ ഡോളർ വിറ്റ് രൂപയുടെ മൂല്യം മെച്ചപ്പെടുത്താനും റിസർവ് ബാങ്ക് നീക്കം നടത്താം. യൂറോ 79.73 ലും പൗണ്ട് 89.68 ലുമാണ് ഇടപാടുകൾ നടക്കുന്നത്. എസ്.ബി.ഐയിൽ ബഹ്‌റൈൻ ദീനാർ 170.35 ലും കുവൈത്തി ദീനാർ 214.13 ലും ഒമാനി 166.86 ലും സൗദി റിയാൽ 17.13 ലും യു.എ.ഇ ദിർഹം 17.48 ലും ഖത്തർ 17.64 ലും വ്യാപാരം അവസാനിച്ചു. 
നിക്ഷേപകർക്ക് ഓഹരികൾ തെരഞ്ഞെടുത്തു വാങ്ങാൻ മികച്ച അവസരമാണ് ഇപ്പോഴെന്ന് വിദഗ്ധർ പറയുന്നു. ആഗോള വിപണികളുടെ സമ്മർദ്ദത്തിൽ, കൈവശമുള്ള മികച്ച ഓഹരികൾ വിറ്റഴിക്കാതെ, നേട്ടം ലഭിക്കുന്ന പുതിയ ഓഹരികൾ വാങ്ങാനാണ് നിക്ഷേപകർ ശ്രമിക്കേണ്ടതെന്നും അവർ ഉണർത്തി.  

 

Latest News