Sorry, you need to enable JavaScript to visit this website.

കഥകളി അവതരിപ്പിക്കുന്നതിനിടെ മടവൂർ  വാസുദേവൻ നായർ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം- പ്രമുഖ കഥകളി നടൻ മടവൂർ വാസുദേവൻ നായർ അന്തരിച്ചു. 89 വയസ്സായിരുന്നു. കൊല്ലം അഞ്ചൽ അഗസ്ത്യകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയായിരുന്നു മരണം. കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സാവിത്രി അമ്മ. മക്കൾ: മധു, മിനി, ഗംഗ തമ്പി. പദ്മഭൂഷൺ ജേതാവാണ് വാസുദേവൻ നായർ. 
രൗദ്രവും ശൃംഗാരവും ഒരുപോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരി സമ്പ്രദായ ചിട്ടകൾ പിൻതുടരുന്ന അദ്ദേഹം താടി വേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളി വേഷങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മ വിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യ സങ്കൽപം എന്നിവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ കാരോട്ടു പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകനായി 1929 ഏപ്രിൽ ഏഴിനു ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ മടവൂർ പരമേശ്വരൻ പിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ച വാസുദേവൻ നായർ, കുറിച്ചി കുഞ്ഞൻ പണിക്കർ, ചെങ്ങന്നൂർ രാമൻപിള്ള എന്നിവരുടെ കീഴിൽ പഠനം തുടർന്നു. പതിനാറു വയസ്സു മുതൽ പന്ത്രണ്ടു വർഷം തുടർച്ചയായി ചെങ്ങന്നൂർ രാമൻ പിള്ളയുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിലാണ് പഠനം പൂർത്തിയാക്കിയത്. മുപ്പതു വയസ്സു വരെ മിനുക്കു വേഷങ്ങൾ അണിഞ്ഞിരുന്ന മടവൂർ പിന്നീട് ഗുരു രാമൻ പിള്ളയുടെ പാത പിൻതുടർന്ന് കത്തി വേഷങ്ങൾ ചെയ്തു തുടങ്ങി. പച്ചയും കത്തിയും താടിയും മിനുക്കു വേഷങ്ങളുമെല്ലാം ഒരേ പ്രാഗത്ഭ്യത്തോടെ അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചു. കലാമണ്ഡലത്തിലും പകൽക്കുറി കലാ ഭാരതിയിലും അധ്യാപകനായിരുന്ന മടവൂരിന് വലിയൊരു ശിഷ്യ സമ്പത്തുമുണ്ട്. 
കൊല്ലം കാവനാട് കേളീ മന്ദിരത്തിലായിരുന്നു താമസം.
---  

Latest News