പണ്ടു കാലത്തും ഇവിടെ വ്യവസായികളുണ്ടായിരുന്നു. അവർ കച്ചവടം നടത്തിയത് പരിസ്ഥിതിയെ മാന്തിയെടുത്തല്ല. ഇന്നത്തേക്കാൾ പ്രകൃതി വിഭവങ്ങളുണ്ടായിരുന്ന അക്കാലത്ത് ആ തന്ത്രം അവർക്ക് അറിയാഞ്ഞിട്ടല്ല. അത് നാടിനും മനുഷ്യനും പറ്റിയതല്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു.
വീണ്ടും നിലമ്പൂരിലെ എം.എൽ.എ തന്നെയാണ് ചർച്ചാ വിഷയം. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് പി.വി. അൻവർ എം.എൽ.എ കുറ്റപ്പെടുത്തുമ്പോഴും മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ അദ്ദേഹം ഇടക്കിടെ എന്തെങ്കിലുമൊക്കെ ഇട്ടുകൊടുക്കും. നിലമ്പൂരിലെ ജനങ്ങളുടെ പിന്തുണയോടെ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അൻവർ ബിസിനസ് ആവശ്യാർത്ഥം ആഫ്രിക്കയിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമൊക്കെയാണല്ലോ ഇപ്പോഴും തുടരുന്ന ചർച്ചാ വിഷയം. പോകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ നാട്ടിലെ ബിസിനസുകൾ പൂട്ടിക്കാനായി വിവിധ കോണുകളിലായി നടന്ന ശ്രമങ്ങളും ജനങ്ങൾക്കറിയാം. ഒടുവിൽ, നാട്ടിൽ ബിസിനസ് നടത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അൻവർ എം.എൽ.എ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ സ്വർണ ഖനികൾ തേടിപ്പോയത്. ജനപ്രതിനിധിയായതുകൊണ്ട് അദ്ദേഹത്തിന്റെ വരവും പോക്കും മാധ്യമങ്ങൾക്കും അതുവഴി സമൂഹത്തിനും താൽപര്യമാകുന്നുവെന്ന് മാത്രം. മലബാറിൽ നിന്ന് എത്രയോ പേർ ദിനംപ്രതി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. അവർക്കൊന്നും പിന്നാലെ മാധ്യമങ്ങൾ പോകാത്തതും അൻവറിന് പിന്നാലെ പോകുന്നതും അദ്ദേഹം ജനപ്രതിനിധിയാണ് എന്നതുകൊണ്ടു മാത്രമാണ്.
കേരളത്തിൽ ഇനി ഒരു പെട്ടിക്കട പോലും നടത്തില്ലെന്ന അൻവറിന്റെ പുതിയ പ്രതികരണം കേൾക്കാൻ കൗതുകമുള്ളതും ചിന്തിക്കാൻ വകയുള്ളതുമാണ്. കേവലം നിരാശയുടെ പ്രതിഫലനമായി അതിനെ കാണാനാകില്ല. അൻവർ എന്നല്ല, സംസ്ഥാനത്ത് ബിസിനസ് തുടങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട ഒട്ടേറെ ബിസിനസുകാരുടെ പ്രതികരണമായി വേണം അതിനെ കാണാൻ. അൻവറിന്റെ പ്രതിഷേധം തനിക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർക്കും നിക്ഷിപ്ത താൽപര്യക്കാർക്കും എതിരെയായിരിക്കാം. എന്നാൽ വ്യവസായ രംഗത്ത് മുതൽമുടക്കുന്നവന് സർക്കാർ ഭാഗത്തു നിന്ന് എന്ത് സംരക്ഷണവും പിന്തുണയുമുണ്ട് എന്ന ചോദ്യം കൂടി ഇവിടെ ഉയരുന്നു. കേരളത്തിലെ ഒരു ഇടതുപക്ഷ എം.എൽ.എ തന്നെ ഇവിടുത്തെ വ്യവസായംമുടക്കികളെ കുറിച്ച് പരാതി പറയുമ്പോൾ സാധാരണക്കാരായ നിക്ഷേപകർക്ക് എന്ത് സംരക്ഷണമാണുള്ളത്.
ചീങ്കണ്ണിപ്പാലിയിലെ തടയണയാണല്ലോ അൻവറിനെ ഇപ്പോൾ വിവാദത്തിന്റെ മുന്നിൽ നിർത്തിയിരിക്കുന്നത്. മലവാരത്ത് തടയണ കെട്ടി ജലം സംഭരിച്ചത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്ന പരാതിയിൽ കോടതി ഇടപെടലുകളിലൂടെയാണ് ഇപ്പോൾ സർക്കാർ നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്ന് അൻവറിനെ സഹായിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പരാതിക്കാരേറെയും കോടതികളെയാണ് സമീപിച്ചിരിക്കുന്നത് എന്നതാണ് അൻവറിനെ പ്രതിരോധത്തിലാക്കുന്നത്. കോടതികളെ സംബന്ധിച്ച് ജഡ്ജിമാർക്ക് മുന്നിൽ ഹാജരാക്കപ്പെടുന്ന രേഖകളാണ് പ്രധാനം. കക്ഷികളുടെ രാഷ്ട്രീയം അവിടെ പ്രസക്തമല്ല.
ചീങ്കണ്ണിപ്പാലിയിൽ തടയണ കെട്ടിയത് നീരൊഴുക്കിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് എന്നത് പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്‌നമാണ്. എന്നാൽ പരിസ്ഥിതിയെ അപകടപ്പെടുത്താതെ അത് നിർമിച്ചിട്ടുണ്ടോ എന്നാണ് അപ്പോൾ അധികൃതർ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ വികസനമെന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്. മലകളിലെ നീരൊഴുക്കായാലും പുഴകളിലെ വെള്ളമൊഴുക്കായാലും ചെറിയൊരു തടസ്സം പോലും അതിന്റെ സ്വാഭാവിക നീക്കത്തിന് വിഘാതമാണെന്ന് പ്രകൃതി ദുരന്തങ്ങൾ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. കേരളത്തിൽ ജലസംഭരണം ശാസ്ത്രീയമായ രീതിയിൽ നടക്കാത്തതുകൊണ്ടാണല്ലോ ആവശ്യത്തിലധികം മഴ ലഭിച്ചിട്ടും വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോയി വേനൽക്കാലത്ത് വരൾച്ചയുണ്ടാകുന്നത്. പ്രകൃതിയിലെ നീരൊഴുക്കിനെ ജലശേഖരങ്ങളിലെത്തിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങൾ പണ്ടുകാലത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ഉണ്ടായിരുന്നത്. കുളങ്ങളായും കിണറുകളായും വീതിയും ആഴവുമുള്ള പുഴകളായും അവ തുലാമഴ വെള്ളത്തെ ശേഖരിച്ചു വെച്ചിരുന്നു. എന്നാൽ ഇന്ന് അതെല്ലാം അപ്രത്യക്ഷമാകുകയും മലയിൽ അണകെട്ടി ജലം സംഭരിക്കുന്ന അശാസ്ത്രീയമായ രീതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇത്തരം അണകൾ കെട്ടുന്നതിന് ഭരണ സംവിധാനങ്ങൾ നൽകുന്ന അനുമതിയാണ് അദ്യത്തെ തെറ്റ്. ആ തെറ്റിൽ നിന്നാണ് ചീങ്കണ്ണിപ്പാലി വലിയ വിവാദമായി വളർന്നത്.
അമ്യൂസ്‌മെന്റ് പാർക്ക് പോയിട്ട് പെട്ടിക്കട വരെ തുടങ്ങാൻ ഇനി തയാറല്ല എന്ന പി.വി. അൻവറിന്റെ പ്രസ്താവന കേരളത്തിന്റെ വ്യവസായ സമീപനവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഏറനാടൻ ശൈലിയിലുള്ള അൻവറിന്റെ വെറുംവാക്കായും അതിനെ കാണാം. എന്നാൽ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം നിക്ഷേപകരെ സംബന്ധിച്ച് എത്രമേൽ സമ്മർദമേറിയതാണ് എന്ന് കൂടി തെളിയിക്കുന്നതാണ് ആ വാക്കുകൾ. ഒരു പദ്ധതിയുടെ സാധ്യതാപഠനം നടത്തുമ്പോൾ അതിൽ പരിഗണിക്കപ്പെടുന്ന പ്രധാന ഘടകമാണ് പരിസ്ഥിതി. കേരളത്തിൽ ജനസാന്ദ്രത വർധിച്ചതും പരിസ്ഥിതിയെ കുറിച്ചുള്ള അവബോധം വർധിച്ചതും ഏതൊരു പദ്ധതിയുടെയും പാരിസ്ഥിതിക വശങ്ങൾ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഈ വശങ്ങളെ ഗൗരവത്തോടെ കാണാതെ പദ്ധതികൾക്ക് ചട്ടങ്ങളിൽ വെള്ളം ചേർത്ത് അനുമതി നൽകുന്നത് പരിസ്ഥിതി ചൂഷണത്തിന് ചൂട്ടുപിടിക്കുന്ന ഏർപ്പാടാണ്. രാഷ്ട്രീയ സ്വാധീനം കൊണ്ടോ ധനസ്വാധീനം കൊണ്ടോ നേടിയെടുക്കുന്ന ഇത്തരം അനുമതികളുമായി നിക്ഷേപകർക്ക് എത്ര ദൂരം മുന്നോട്ടു പോകാനാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. പഞ്ചായത്ത് മുതൽ കേന്ദ്രം വരെയുള്ള ഭരണകൂടങ്ങൾക്ക് അവർ നൽകിയ ഏത് അനുമതിയും എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന രാജ്യമാണിത്. അവരുടെ അനുമതിയെ വിശ്വസിച്ച് കോടികൾ മുടക്കുന്ന നിക്ഷേപകർ സർക്കാരിനെ മാത്രം മുന്നിൽ കണ്ടാൽ മതിയാകില്ല. പരിസ്ഥിതിയെ കുറിച്ചുള്ള ബോധ്യം ആദ്യമുണ്ടാകേണ്ടത് അവരുടെ ചിന്തയിലാണ്. നിയമ ലംഘനമാണെന്ന് സ്വയംബോധ്യപ്പെടുമ്പോഴും എങ്ങനെയെങ്കിലമൊക്കെ കാര്യം നേടാമെന്ന ചിന്താഗതി നിക്ഷേപകർക്ക് ഭൂഷണമല്ല.
നമുക്ക് വ്യക്തമായ ഒരു വ്യാവസായിക സമീപനമില്ലെന്നത് അൻവറിന്റെ പെട്ടിക്കട പരാമർശത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. സ്വകാര്യ മേഖലയിൽ എന്ത് തരം വ്യവസായം ഏത് രീതിയിൽ രൂപപ്പെടുത്തണമെന്ന് സർക്കാരിന് ഇപ്പോഴും ഒരു ആശയവുമില്ല. ലോകത്താകമാനം സഞ്ചരിച്ച മലയാളികൾ ആ രാജ്യങ്ങളിൽ കണ്ട വികസനം ഇവിടെ നടപ്പാക്കാൻ വരുമ്പോൾ സർക്കാരും ജനങ്ങളും ആശ്ചര്യപ്പെടുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്യും. എന്നാൽ കോടികൾ മുടക്കി വ്യവസായം തുടങ്ങിക്കഴിയുമ്പോഴാണ് നമ്മുടെ നാടിനും പരിസ്ഥിതിക്കും അത് അനുയോജ്യമല്ലെന്ന് ബോധ്യപ്പെടുക. അതോടെ പരാതികളായി, സമരങ്ങളായി, വ്യവസായം അടച്ചുപൂട്ടലായി. കേരളത്തിന്റെ സാഹചര്യങ്ങളെ ആഴത്തിൽ പഠിച്ചും വ്യാവസായിക പാരമ്പര്യത്തെ മനസ്സിലാക്കിയും വ്യവസായ മേഖലയെ തരംതിരിച്ചു കൊണ്ടുള്ള നയം സർക്കാരിനുണ്ടാകേണ്ടുതുണ്ട്. പണ്ടു കാലത്തും ഇവിടെ വ്യവസായികളുണ്ടായിരുന്നു.അവർ കച്ചവടം നടത്തിയത് പരിസ്ഥിതിയെ മാന്തിയെടുത്തല്ല. ഇന്നത്തേക്കാൾ പ്രകൃതി വിഭവങ്ങളുണ്ടായിരുന്ന അക്കാലത്ത് ആ തന്ത്രം അവർക്ക് അറിയാഞ്ഞിട്ടല്ല. അത് നാടിനും മനുഷ്യനും പറ്റിയതല്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു.