ലഖ്‌നൗ- മാസങ്ങള്‍ക്കകം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യ തന്ത്രം പുറത്തെടുത്തു. പാര്‍ട്ടി മത്സരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനവും സ്ത്രീകളായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ പ്രാതിനിധ്യം നല്‍കാനുള്ള കോണ്‍ഗ്രസിന്റെ പ്രതിജ്ഞയാണിതെന്ന് പ്രിയങ്ക പറഞ്ഞു. യുപിയിലെ രാഷ്ട്രീയം മാറ്റിമറിക്കാന്‍ കൂടുതല്‍ സ്ത്രീകള്‍ തന്നോടൊപ്പം പോരിനിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥികളാകാന്‍ അപേക്ഷിക്കാനുള്ള സമയപരിധി നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് 50 ശതമാനം ടിക്കറ്റുകളും സംവരണം ചെയ്യാനാണ് താന്‍ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് ഇത് 40 ശതമാനമായി തീരുമാനിക്കുകയായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. ഇതൊരു തുടക്കമാണ്. അടുത്ത തവണ 50 ശതമാനം സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരിക്കുമെന്നും യുപിയുടെ ചുമതലയുള്ള പ്രിയങ്ക പറഞ്ഞു. യുപിയില്‍ 403 നിയമസഭാ സീറ്റുകളാണുള്ളത്. 40 ശതമാനം സത്രീകള്‍ക്കു മാറ്റിവച്ചാല്‍ യുപിയില്‍ കോണ്‍ഗ്രസിന് 160 വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും.