ന്യൂദല്‍ഹി- ജനപ്രതിനിധികള്‍ക്കിടയില്‍ കായികാഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യത്തിന് കായിക ഇനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനുമായി പാര്‍ട്ടി എം.പിമാര്‍ക്കു വേണ്ടി ബിജെപി അടുത്ത മാസം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര കായിക മന്ത്രാലയവുമായി സഹകരിച്ചാകും ഈ കായിക പരിപാടി.
ഇതോടൊപ്പം ആരോഗ്യ മത്സരവും മേളയും ബിജെപി സംഘടിപ്പിക്കും. പാര്‍ട്ടിയുടെ ആരോഗ്യ വൊളണ്ടിയര്‍മാര്‍ വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ നമോ ആപ്പിനു വേണ്ടി ശേഖരിക്കും. ഇവ നമോ ആപ്പില്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുട്ടികള്‍ക്ക് ആപ്പിലൂടെ തന്നെ സര്‍ട്ടിഫിക്കറ്റും നല്‍കും. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ പട്ടികയും തയാറാക്കും. ഇതു പിന്നീട് അതതു ജില്ലാ കലക്ടര്‍മാര്‍ക്കു കൈമാറുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.