അയോധ്യ- 28 വര്‍ഷം മുമ്പ് കോളെജ് പ്രവേശനത്തിന് വ്യാജ മാര്‍ക്ക് ഷീറ്റ് നല്‍കിയ കേസില്‍ യുപിയിലെ ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരിയെ കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. പ്രത്യേക കോടതിയില്‍ ഹാജരായ ഇന്ദ്രപ്രതാപിനെ കസ്റ്റഡിയിലെടുത്ത് ജയിലലടച്ചു. 8000 രൂപ പിഴയും കോടതി അദ്ദേഹത്തിനുമേല്‍ ചുമത്തി. ഖബ്ബു തിവാരി എന്നറയിപ്പെടുന്ന ഇന്ദ്രപ്രതാപ് തിവാരി അയോധ്യയിലെ ഗോസായ്ഗഞ്ച് എംഎല്‍എ ആണ്.
അയോധ്യയിടെ സാകേത് ഡിഗ്രി കോളെജ് പ്രിന്‍സിപ്പല്‍ യദുവംശ് റാം ത്രിപാഠി ഇന്ദ്രപ്രതാപിനെതിരെ 1992ല്‍ നല്‍കിയ വ്യാജ രേഖ കേസിലാണ് ഇപ്പോള്‍ വിധി വന്നത്. ഡിഗ്രി രണ്ടാം വര്‍ഷം തോറ്റ ഇന്ദ്രപ്രതാവ് വ്യാജ മാര്‍ക്ക് ഷീറ്റി നല്‍കി 1990ല്‍ അടുത്ത വര്‍ഷം പ്രവേശനം നേടിയെന്നാണ് പരാതി. കേസില്‍ 13 വര്‍ഷങ്ങള്‍ക്കും ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ റെക്കോര്‍ഡുകളില്‍ നിന്ന് നിരവധി ഒറിജിനല്‍ രേഖകളും കാണാതായി. ഇവയുടെ പകര്‍പ്പുകള്‍ ഉണ്ടാക്കിയാണ് പിന്നീട് വിചാരണ തുടര്‍ന്നത്. ഇതിനിടെ പരാതിക്കാരനായ പ്രിന്‍സിപ്പലും മരിച്ചിരുന്നു.