നെടുമ്പാശ്ശേരി- ഇടുക്കി അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ പ്രളയ കാലഘട്ടങ്ങളില്‍ റണ്‍വേ അടക്കേണ്ടത് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായതു കൊണ്ടാണ് ഈ തവണ ഡാം തുറക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് യോഗം കൂടുവാന്‍ തീരുമാനിച്ചത്. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.ഐ.എസ്.എഫ്, എമിഗ്രേഷന്‍, കസ്റ്റംസ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് യോഗം വിലയിരുത്തിയത്. ഇടുക്കി ഡാം തുറന്ന ശേഷം പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.