Sorry, you need to enable JavaScript to visit this website.

ലീന മരിയ പോൾ എന്ന മലയാളി നടി അധോലോകത്തിലെ തട്ടിപ്പ് റാണിയായി മാറിയതെങ്ങനെ?


ലീന മരിയ പോൾ എന്ന നടിയെ മലയാളിക്ക് പരിചയം 2009 ൽ ഇറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയായിരുന്നു. അന്ന് സിനിമാ രംഗത്തേക്ക് കാലെടുത്ത് വെച്ച ലീന പിന്നീട് മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളായി വേഷമിട്ടു.  മോഡലായും തിളങ്ങി. ഹസ്ബന്റ്‌സ് ഇൻ ഗോവ, കോബ്ര, ബിരിയാണി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചു. ദന്ത ഡോക്ടറാകാൻ ആഗ്രഹിച്ച് ബാംഗ്ലൂരിൽ എത്തിയ ലീന പഠനം പൂർത്തിയാക്കാതെ ആദ്യം സിനിമയിലേക്കും പിന്നീട് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വഴിയിലേക്കും എത്തിപ്പെടുകയായിരുന്നു. സിനിമകളിൽ നിന്ന് അകന്ന ലീന വീണ്ടും മലയാളികൾക്ക് മുന്നിലെത്തുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയിലൂടെയാണ്.

കൊച്ചിയിൽ ലീന നടത്തിക്കൊണ്ടിരുന്ന 'നെയിൽ അർട്ടിസ്ട്രി ' എന്ന ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പോടെയാണ്. വിദേശത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യയിലെ അധോലോക നായകൻ രവി പൂജാരിയുടെ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന വിവരം പുറത്ത് വന്നതോടെ കേരളാ പോലീസിലെ ഉന്നത് ഉദ്യേഗസ്ഥർ പോലും ഞെട്ടിത്തരിച്ചുപോയി. മംഗലാപുരത്തും ബോംബെയിലും ഇരുന്ന് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന അധോലോകനായകൻ രവി പൂജാരി അതുവരെ അവർക്ക് കേട്ടുകേൾവി മാത്രമായിരുന്നു. ഇയാളുടെ സംഘം കൊച്ചിയിലേക്കും എത്തിയെന്നത് കേരള പോലീസിന്  ശരിക്കും ഞെട്ടലാണ് ഉളവാക്കിയത്. ദേശീയ മാധ്യമങ്ങൾ എല്ലാം തന്നെ വളരെ പ്രാധാന്യത്തോടെ വെടിവെപ്പിന്റെ വാർത്ത പ്രസിദ്ധീകരിച്ചു. ലീന മരിയ പോളിന് ഇരയുടെ പരിവേഷവും ലഭിച്ചു.

മലയാളികളെ സംബന്ധിച്ചിടത്തോളം സിനിമയിലും മോഡലിംഗിലും വളർന്ന് വരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണ പെൺകുട്ടി  മാത്രമായിരുന്നു അതുവരെ ലീന. രവി പൂജാരിയെന്ന അധോലോക കുറ്റവാളി എന്തിനാണ് ഇവരുടെ  പിന്നാലെ നടക്കുന്നതെന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു. പിന്നീടാണ് ലീന മരിയ പോളിന്റെ അധോലോക കഥകൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങി. രവി പൂജാരിയെപ്പോലെ തന്നെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന അധോലോക സംഘത്തിലെ രാജകുമാരിയാണ് ലീനയെന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. അധോലോകങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ടെസ്റ്റ് ഡോസാണ് കൊച്ചിയിൽ അരങ്ങേറിയ വെടിവെപ്പെന്ന് അപ്പോഴാണ് എല്ലാവരും അറിയുന്നത്. ഇന്ന് ലീന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. വിവിധ കാലഘട്ടങ്ങളിലായി നടന്ന കോടികളുടെ അധോലോക തട്ടിപ്പിനെക്കുറിച്ചുള്ള കഥകൾ ഇനിയും പുറത്ത് വരാനുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞതും കസ്റ്റഡി കാലാവധി നീട്ടി വാങ്ങിയതും.

ആളുകളെ പറഞ്ഞ് പറ്റിച്ച് ചെറുപ്പത്തിൽ തന്നെ തട്ടിപ്പ് വീരനായി മാറിയ  ബാംഗ്ലൂർ സ്വദേശി സുകേഷ് ചന്ദ്രശേഖറിന്റെ ജീവിത പങ്കാളിയായതോടെയാണ് ലീന മരിയ പോൾ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ റാണിയായി വളർന്നത്. തുടക്കത്തിൽ സുകേഷിന്റെ തട്ടിപ്പുകൾക്ക് സഹായങ്ങൾ ചെയ്തിരുന്ന ലീന വളരെ പെട്ടന്ന് തന്നെ തട്ടിപ്പുകളുെട നായികാ പദവി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇപ്പോൾ ഡൽഹിയിലെ ജയിലിൽ കഴിയുന്ന സുകേഷിന്റെ എല്ലാ ഇടപാടുകളും നിയന്ത്രിച്ചിരുന്നത് ലീനയായിരുന്നുവത്രേ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗുരുവിനേക്കാൾ വലിയ ശിഷ്യമായി ലീന മാറി. സുകേഷിന്റെ ക്രിമിനൽ സ്വഭാവവും ലീനയുടെ കുബുദ്ധിയും ചേർന്നപ്പോൾ അധോലോകത്ത്  ഒരു പുതിയ സംഘം വേരുറപ്പിക്കുകയായിരുന്നു. തെളിഞ്ഞതും തെളിയാത്തതുമായ സാമ്പത്തിക തട്ടിപ്പുകളുടെ ഒരു വലിയ ട്രാക്ക് റിക്കാർഡ് ഇരുവരുടെയും പേരിലുണ്ട്. 

2013 ൽ ചെന്നൈയിലെ ഒരു ബാങ്കിൽ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ലീനയെയും സുകേഷ് ചന്ദ്രശേഖറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുകേഷിനെ ഒരാഴ്ച കഴിഞ്ഞാണ് പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് പോലീസ് ലീനയുടെ പക്കൽ നിന്ന് ഒൻപത് ആഢംബര കാറുകളും 81 വിലയേറിയ വാച്ചുകളും കണ്ടെടുത്തിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരമകനാണെന്ന വ്യാജേന തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രയിൽ നിന്നുമായി നിരവധി പേരിൽ നിന്ന് ഏകദേശം 15 കോടിയോളം രൂപ സുകേഷും ലീനയും  തട്ടിയെടുത്തയായി പോലീസ് ആരോപിക്കുന്നു.

എന്നാൽ പിന്നാട് ജാമ്യം ലഭിച്ച ഇരുവരും മുംബൈയിലേക്ക് താമസം മാറി. 2015 ൽ ഇരുവരെയും പത്ത് കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. '5000 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ എല്ലാ മാസവും 20 ശതമാനം ലാഭം തരാം എന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങാൻ ശ്രമിച്ചപ്പോഴാണ്  അറസ്റ്റിലായത്. 
 
ഫോർട്ടിസ് ഹെൽത്ത് ്‌കെയർ ഉടമയായിരുന്ന ശിവിന്ദർ സിംഗിന്റെ ഭാര്യ അതിഥി സിംഗിൽ നിന്ന്  200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോൾ സുകേഷും ലീനയും അറസ്റ്റിലായിരിക്കുന്നത്. തമിഴ്‌നാട്ടിലെ  അണ്ണാ ഡി എം കെ നേതാവായ ടി ടി വി ദിനകരന്റെ ഇടനിലക്കാരായി  പ്രവർത്തിച്ചു എന്ന കേസും  ഇരുവർക്കുമെതിരെയുണ്ട്. ശശികല പക്ഷത്തിന് എ.ഐ.ഡി.എം.കെ യുടെ രണ്ടില തെരെഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ ഇരുവരും ചേർന്ന് 50 കോടി രൂപ വാങ്ങുകയും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

ബുദ്ധിമതിയായ അധോലോക നായികയുടെ പരിവേഷമാണ് ഇപ്പോൾ ലീന മരിയ പോളിനുള്ളത്. ഇവർ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ ലഭിച്ച പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇവർക്ക് പിന്നിൽ വലിയൊരു ഗ്യാംങ്ങ് പ്രവർത്തിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിൽ പോലും അധികമൊന്നും വെളിപ്പെടുത്താതെ പിടിച്ചു നിൽക്കാൻ ഇവർക്ക് കഴിയുന്നുണ്ടെന്നും അതിനാൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന വിശദമായ ചോദ്യം ചെയ്യൽ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
 

Latest News