ആലപ്പുഴ- ശക്തമായ മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക സാഹചര്യത്തില്‍ ആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോളനിയിലെ മിക്കവീടുകളും മുട്ടോളം വെള്ളത്തിലാണ്. അപ്പര്‍കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍മുങ്ങുന്ന പ്രദേശമാണു കുതിരച്ചാല്‍ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സമാന അവസ്ഥയാണു നിലനില്‍ക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആര്.സി സര്‍വീസില്ല. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടു. പമ്പയാര്‍ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. കക്കി ഡാം കൂടി തുറന്നാല്‍ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൃത്യമായ അവലോകനം നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആശങ്കവേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.