ന്യൂദല്‍ഹി-രോഗിയായ പിതാവിനു വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച ലഹരിമരുന്നു കേസ് പ്രതിയെ ആവശ്യമായ വൈദ്യപരിശോധനയ്ക്കായി ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ സുപ്രീം കോടതി അനുവദിച്ചു. വൃക്ക ദാനം ചെയ്യാന്‍ ആരോഗ്യവാനാണെന്നു കണ്ടെത്തിയാല്‍ മധ്യപ്രദേശ് ഹൈക്കോടതി മുന്‍പാകെ ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.പിതാവിനു വൃക്കദാനം ചെയ്യാനായി മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പിതാവിനെ പരിചരിക്കാന്‍ പ്രതിക്കു സഹോദരങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍, മാതാപിതാക്കളെ പരിചരിക്കുക എന്നത് ഒരു കാര്യമാണ്.
എന്നാല്‍ അവര്‍ക്കു വൃക്ക ദാനം ചെയ്യുക എന്നത്, അതും വിവാഹിതരായ മക്കള്‍ അവരുടെ പങ്കാളിയുടെയും മക്കളുടെയോ എതിര്‍പ്പിനെയും മറികടന്നു ചെയ്യുന്നതു മറ്റൊരു കാര്യമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്റെ പിതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവയ്ക്കല്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ വേഗത്തിലാക്കാനും 6 മാസത്തിനകം തീര്‍പ്പാക്കാനും വിചാരണ കോടതിക്കു ബെഞ്ച് നിര്‍ദേശം നല്‍കി.