ചണ്ഡീഗഢ്- ജാതീയ പരാമര്‍ശം നടത്തിയതിന് മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ക്രിക്കറ്റ് താരം യസ്‌വേന്ദ്ര ചഹലിനെതിരെ ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ ജാതീയാധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. 2020 ജൂണില്‍ യുവരാജും രോഹിത് ശര്‍മയും തമ്മില്‍ നടത്തിയ ലൈവ് ചാറ്റിനിടെയാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ഈ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവരാജ് ക്ഷമാപണം നടത്തിയിരുന്നു. തന്റെ പരാമര്‍ശം മനപ്പൂര്‍വമായിരുന്നില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമായിരുന്നു യുവരാജിന്റെ വിശദീകരണം. ചഹലിന്റെ ടിക്ടോക് വിഡിയോകളെ കുറിച്ച് പറയുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.
കോടതി ഉത്തരവ് പ്രകാരം യുവരാജിനെ അറസ്റ്റ് ചെയ്ത് ഇടക്കാല ജാമ്യത്തില്‍ വിട്ടതായി ഹന്‍സിയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ നിതിക ഗഹ്ലോട്ട് പറഞ്ഞു. എന്നാല്‍ യുവരാജിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ഷസ്മീന്‍ കരയും പറയുന്നു. യുവരാജ് ഹിസാറില്‍ പോലീസിനു മുമ്പാകെ ഹാജരായിരുന്നു.
ഹരിയാനയിലെ ഒരു ദളിത് അവകാശ പ്രവര്‍ത്തകന്‍ രജത് കല്‍സന്‍ ഫെബ്രുവരിയില്‍ യുവരാജിനെതിരെ നല്‍കിയ പരാതിയിലാണ് നടപടി. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ യുവരാജിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഈ മാസം ആറിനാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടതെന്ന്് കല്‍സന്‍ പറഞ്ഞു. ഇതുപ്രകാരം കഴിഞ്ഞ ദിവസം യുവരാജ് ഹിസാറില്‍ പോലീസിനു മുമ്പാകെ ഹാജരായതായും കല്‍സന്‍ പറഞ്ഞു.