Sorry, you need to enable JavaScript to visit this website.

101 വീട് പദ്ധതിയുമായി ട്രാൻസ്‌ജെൻഡർ ട്രസ്റ്റ്

ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഡിഗ്‌നിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഐശ്വര്യ ഡോംഗ്‌റെ ഐ.പി.എസ് തുടങ്ങിയവർ വേദിയിൽ.

കൊച്ചി- കോവിഡ് ദുരിതത്തിലാക്കിയ കൊച്ചി നഗരത്തിലെ 500 ഓളം വരുന്ന ട്രാൻസ്‌ജെൻഡർ സമൂഹം അതിജീവനത്തിനായി പല വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനുള്ള വലിയ ദൗത്യത്തിനായി ഉറച്ച കാൽവെപ്പുകളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഒരു കൂട്ടം ട്രാൻസ്‌ജെൻഡർ സഹോദരിമാരുടെ കൂട്ടായ്മ. 
അന്തിയുറങ്ങാൻ വാടക വീടുപോലുമില്ലാതെ കടത്തിണ്ണകളിൽ കഴിയേണ്ടിവരുന്ന ട്രാൻസ്‌ജെൻഡറുകളുള്ള കൊച്ചിയിൽ ട്രാൻസ്‌ജെൻഡറുകൾക്കായി 101 വീടുകൾ നിർമിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ ചാരിറ്റബിൾ സൈസൈറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്ന ഇവർ ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കുക എന്ന ലക്ഷത്തിലേക്കുള്ള ആദ്യ ചുവടുവെപ്പു നടത്തിയിരിക്കുകയാണ്. 
ഇവർ രൂപം നൽകിയ ഡിഗ്നിറ്റി ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 101 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള പദ്ധതിക്ക് ഹൈബി ഈഡൻ എം.പിയും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഐശ്വര്യ ഡോംേ്രഗ ഐ.പി.എസും തുടക്കം കുറിച്ചു. 


സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരുമായി പല തട്ടുകളിൽ സംഘടനകളിലായി ചിതറി നിൽക്കുന്ന ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഡിഗ്നിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചിരിക്കുന്നതെന്ന് ചെയർപേഴ്‌സൻ എം. സബിതയും ജനറൽ സെക്രട്ടറി ഐശ്വര്യ വിൻസെന്റും പറയുന്നു. ട്രാൻസ് ജെൻഡറുകൾക്ക് സ്വന്തമായി വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും സംഭാവനകളും സന്നദ്ധസേവനങ്ങളും സ്വീകരിച്ച് ഘട്ടം ഘട്ടമായി ലക്ഷ്യം നേടാൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. 
ട്രാൻസ്‌ജെൻഡർ എന്നാൽ സെക്‌സ് വർക്കർ എന്ന അബദ്ധധാരണയിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ലാത്ത പൊതുസമൂഹത്തിനിടയിലേക്കിറങ്ങിച്ചെന്ന് എന്താണ് ട്രാൻസ്‌ജെൻഡർ വ്യക്തിത്വമെന്നും എന്തൊക്കെയാണ് അവർക്കുള്ള അവകാശങ്ങളെന്നും വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടപ്പിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. 


ഇതിലൂടെ ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി അവരെ തങ്ങളിൽ ഒരാളായി കാണാനുള്ള തിരിച്ചറിവുണ്ടാക്കുന്നതിന് വിവിധ മാധ്യമങ്ങളുപയോഗപ്പെടുത്തിയും കൂട്ടായ്മകൾ സംഘടിപ്പിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകൾക്കുള്ള അവകാശങ്ങൾ പൊതുസമൂഹം അംഗീകരിക്കുന്നുണ്ടെങ്കിലും ട്രാൻസ്‌ജെൻഡറുകൾക്കുള്ള അവകാശങ്ങളെക്കുറിച്ച് ഇത്തരമൊരു ബോധ്യം ഉണ്ടായിട്ടില്ല. ഇതിന് മാറ്റമുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം ട്രാൻസ്‌ജെൻഡറുകൾക്കു തന്നെയാണെന്ന് തിരിച്ചറിഞ്ഞാണ് ബോധവൽക്കരണ പരിപാടികളുമായി രംഗത്തിറങ്ങാൻ ഇവർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെയും ജനപ്രതിനിധികളുടെയും പോലീസിന്റെയും പിന്തുണയും സഹകരണവും ഉറപ്പുവരുത്തിക്കൊണ്ട് ഓരോ ചുവടും മുന്നോട്ടുവെക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. 
ചെയർപേഴ്‌സൻ എം. സബിത, ജനറൽ സെക്രട്ടറി ഐശ്വര്യ വിൻസെന്റ്, വൈസ് ചെയർമാൻ സേതു പാർവതി, ജോയിന്റ് സെക്രട്ടറി രേഷ്മ, ട്രഷറർ ചാരുലത, ബോർഡംഗങ്ങളായ ജാസ്മിൻ ഷിന്റോ, അനുപമ, ബാലാമണി, ആൻമേരി ബ്ലെസ്സൻ എന്നിവരങ്ങിയ ട്രസ്റ്റ് ബോർഡ് സർക്കാരിന്റെ അംഗീകാരത്തോടെ തുടർന്നു
ള്ള ചുവടുവെപ്പുകൾക്ക് തയാറെടുക്കുകയാണ്. 

Latest News