അതിരുകളില്ലാത്ത ആകാശത്തിന്റെ അനന്തതയിലെവിടെയോ നിന്ന് ഭൂമിയിലേക്ക് വർഷിക്കുന്ന തേൻ കിനിയുന്ന ഏതോ ഫലമാണ് ആലിപ്പഴമെന്ന് കുഞ്ഞുന്നാളിൽ ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. മുള്ളുകൾ കുറയുന്തോറും പഴത്തിന്റെ സ്വാദ് കൂടുമെന്നും സ്വർഗ്ഗത്തിലെ മുള്ളില്ലാത്ത ഇലന്തമരത്തിലെ പഴം അതീവ രുചികരമാണെന്നും ദൈവത്തിന്റെ ഇഷ്ടദാസന്മാർക്കായി ഭൂമിയിലേക്ക് വർഷിപ്പിക്കുമെന്നും എന്റെ ബാല്യകാല കൂട്ടുകാർ എന്നെ വിശ്വസിപ്പിച്ചു. കേട്ട് പരിചയിച്ച മുത്തശ്ശിക്കഥകളും ഈ വിശ്വാസത്തിനു പിൻബലമേകി. ഇല്ലാക്കഥകൾ കേട്ട് ആലിപ്പഴം നുകരാനുള്ള മോഹം നാൾക്കുനാൾ വർധിച്ചു വന്നുവെങ്കിലും ആരോടും പറയാതെ ഞാനെന്റെ ഉള്ളിൽ ആ സ്വപ്‌നം സൂക്ഷിച്ചു വെച്ചു. മുതിർന്നപ്പോൾ ആലിപ്പഴമെന്നത് ചക്രവാളം പോലെ ഒരു മരീചികയാണെന്ന് തോന്നിത്തുടങ്ങി. എങ്കിലും ആലിപ്പഴം എവിടെയൊക്കെയോ പെയ്യുന്നുവെന്നും അവിടങ്ങളിലെ കുട്ടികളും മുതിർന്നവരും ആവോളം അവ നുകരുന്നുണ്ടാവുമെന്നും ഞാൻ കരുതി. എന്റെ ഗ്രാമത്തിലും മദ്രസ മുറ്റത്തും പള്ളിക്കൂട മൈതാനിയിലും എന്നെങ്കിലും ഒരിക്കൽ ആലിപ്പഴം വർഷിക്കാതിരിക്കില്ല എന്നും വിശ്വസിച്ചു. കാലം രാപ്പകലുകളുടെ രൂപത്തിൽ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. വളർച്ചയുടെയും പഠനത്തിന്റെയും തിരക്കുകൾക്കിടയിൽ ആലിപ്പഴം കാണാനുള്ള എന്റെ മോഹവും മറവിയിലേക്ക് മാഞ്ഞു. വിദ്യാഭ്യാസ കാലത്തും വിവാഹ ശേഷവും കുട്ടിക്കാല കുതൂഹലങ്ങളിലേക്ക് മനസ്സിനെ മേയാൻ വിടുന്ന സന്ദർഭങ്ങളിൽ ആലിപ്പഴം ഭ്രമിപ്പിക്കുന്ന ഒരു സ്വാദായി എന്നെ പിന്നേയും കൊതിപ്പിച്ചു. 'ആലിപ്പഴം ഇന്നൊന്നായെൻ മുറ്റത്തെങ്ങും മേലെ വാനിൽ നിന്നും പൊഴിഞ്ഞല്ലോ' എന്ന ഗാനവും മൈ ഡിയർ കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാൻ പീലി കുട നിവർത്തി' എന്ന പാട്ടും ഇടക്കൊക്കെ മൂളി ഞാൻ. എനിക്ക് പിടിതരാതെ ആലിപ്പഴം ഒളിച്ചുകളി തുടരുമ്പോഴാണ് അത് സംഭവിച്ചത്.
പ്രവാസം ജുബൈലിന്റെ മണ്ണിലേക്ക് പറിച്ചു നട്ടത് ശിശിര കാലത്തായിരുന്നു. ഋതുക്കളിൽ ശിശിരത്തോടായിരുന്നു എന്നും കമ്പം. മനസ്സ് ശാന്തവും കാൽപനികവുമാവുന്നത് ശൈത്യ കാലത്താണ്. ഒരു തണുത്ത പുലർകാലത്ത് ഉറക്കത്തിന്റെ ആലസ്യം വിട്ടുപോരാൻ മടിച്ചു പിന്നെയും കിടക്കവേ മഴ ചാറി തുടങ്ങി. പിന്നെ ശക്തി പ്രാപിച്ചു. മഴ എന്നാൽ കല്ലുമഴ. മട്ടുപ്പാവിലും തകര മേൽക്കൂരകളിലും അതിവേഗത്തിൽ കല്ലെടുത്തെറിയും പോലെ ഒച്ചയുണ്ടാക്കി മഴ രൗദ്ര താളത്തിൽ പെയ്തിറങ്ങുന്നു. ആദ്യത്തെ പരിഭ്രമത്തിനു ശേഷം മെല്ലെ ജനാല തുറന്നു നോക്കി. ശക്തമായ മഴക്കൊപ്പം കട്ടിയുള്ള ഹിമ കണങ്ങൾ ഭൂമിയിലേക്ക് വർഷിക്കുകയാണ്. ആദ്യമായിട്ടാണ് ആ കാഴ്ച. കണ്ണിമ ചിമ്മാതെ ഞാനത് ആസ്വദിച്ചു. അങ്ങനെ നോക്കി നിൽക്കേ വെള്ളത്തിന്റെ ധൂളികൾ തുറന്ന ജനൽ പാളിയിൽ കൂടി ഉള്ളിലേക്ക് വീഴാൻ തുടങ്ങി. മനസ്സില്ലാ മനസ്സോടെ ജനാല അടച്ച് മഴയുടെ മർമ്മരം കേട്ട് അങ്ങനെ ഇരുന്നു. പിറ്റേന്ന് പത്രത്തിൽ കണ്ടു 'ജുബൈലിൽ ആലിപ്പഴ വർഷം' കാത്തു കാത്തു നിന്ന ആലിപ്പഴം... ആസ്വദിച്ച് നുകരാൻ ഏറെ കൊതിച്ച ആലിപ്പഴം കാണാതെ പോയല്ലോ നുകരാതെ പോയല്ലോ എന്നോർത്ത് വിഷമത്തോടെയും ആകാംക്ഷയോടെയും വാർത്ത വായിക്കാൻ തുടങ്ങി. അപ്പോഴാണ് യഥാർത്ഥ ആലിപ്പഴ വർഷം തിരിച്ചറിഞ്ഞത്. സ്വന്തം വിഡ്ഢിത്തം ഓർത്ത് കുറെ ചിരിച്ചു.
ഓരോ ശിശിരം കടന്നുവരുമ്പോഴും ഏറെ നാൾ മനസ്സിൽ കാത്ത് സൂക്ഷിച്ച ആലിപ്പഴത്തിന്റെ മധുരമൂറുന്ന ഓർമ്മകളും യഥാർത്ഥ ആലിപ്പഴ വർഷവും ഇന്നും അകതാരിൽ നിറയും. ഓരോ ശൈത്യവും ആലിപ്പഴ വർഷത്തോടെ ആരംഭിച്ചെങ്കിലെന്ന് മോഹിക്കും. രസകരമായ ബാല്യകാല ഓർമകളിലേക്കുള്ള തിരിച്ചുപോക്ക് കൊതിച്ച് കൊണ്ട്.