അമൃത്‌സര്‍- പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഓഗസ്റ്റ് മൂന്ന് തകര്‍ന്നു വീണ സൈനിക ഹെലികോപ്റ്ററിലെ കാണാതായ പൈലറ്റിന്റെ മൃതദേഹം 75 ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചു. പത്താന്‍കോട്ടിലെ രഞ്ജിത് സാഗര്‍ ഡാമില്‍ തകര്‍ന്നു വീണ് കോപ്റ്ററിലെ സെക്കന്‍ഡ് പൈലറ്റ് ക്യാപ്റ്റന്‍ ജയന്ത് ജോഷിയുടെ മൃതദേഹമാണ് ഞായറാഴ്ച തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇതോടെ രണ്ടര മാസമായി സൈന്യം നടത്തിവന്ന തിരച്ചില്‍ അവസാനിപ്പിച്ചു. വ്യാപ്തിയും ആഴവും ഏറിയ തടാകത്തിലെ തിരച്ചില്‍ ഏറെ ശ്രമകരമായിരുന്നു. സ്‌കാനറുകള്‍ റോബോട്ടുകളും റിമോട്ട് ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുമായാണ് തിരച്ചില്‍ നടത്തിയിരുന്നത്. അപകടത്തില്‍ മരിച്ച മറ്റൊരു പൈലറ്റിന്റെ മൃതദേഹം 12 ദിവസങ്ങള്‍ക്കു ശേഷം തടാകത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു.
തടാകത്തിന്റെ 75 അടിയോളം ആഴത്തിലാണ് മൃതദേഹം കിടന്നിരുന്നത്. പ്രാഥമിക മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം മൃതദേഹം പത്താന്‍കോട്ടിലെ മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റി. പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയിലും ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ തടാകമാണിത്.