ന്യൂദല്‍ഹി- പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പിടിച്ചുപറി സംഘം സൂത്രത്തില്‍ പുറത്തിറക്കി തെരുവിലൂടെ വലിച്ചിഴച്ച് ബാഗ് തട്ടിയെടുത്തു. പട്ടാപ്പകല്‍ നടന്ന സംഭവമായിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്ന് അപ്രതീക്ഷിത അക്രമത്തിനിരയായ 47കാരി വിധുഷി കപൂര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ ഹൗസിലെ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ആണ് ഇവര്‍. ശനിയാഴ്ച രാവിലെ 11.30ഓടെ സൗത്ത് ദല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം. വസന്ത് കുഞ്ചിലെ വീട്ടില്‍ നിന്നും മകനൊപ്പം ഫരീദാബാദിലേക്ക് പോകുകയായിരുന്നു വിധുഷി. കാറിന്റെ ടയര്‍ പഞ്ചറാണെന്നും ഇന്ധന ചോര്‍ച്ചയുണ്ടെന്നും ബൈക്കില്‍ യാത്ര ചെയ്യുന്ന രണ്ടു പേര്‍ പറഞ്ഞപ്പോള്‍ കാര്‍ നിര്‍ത്തി ഇറങ്ങുകയായിരുന്നു.
പുറത്തിറങ്ങി കാര്‍ പരിശോധിക്കുന്നതിനിടെ തോളിലുണ്ടായിരുന്ന ബാഗ് ബൈക്കിലെത്തിയ രണ്ടു പേര്‍ പിടിച്ചുവലിച്ചു. ബാഗ് കൈവിടാതെ പിടിച്ചപ്പോള്‍ ഇവര്‍ 200 മീറ്ററോളം ദൂരെ തന്നേയും വലിച്ചിഴച്ചു പോയെന്നും വിധുഷി പറയുന്നു. ആള്‍ത്തിരക്കുള്ള സ്ഥലമായിട്ടും ഈ സമയം സമീപത്തുണ്ടായിരുന്ന ആരും തന്നെ രക്ഷിക്കാനോ ബൈക്കിലെത്തിയ അക്രമികളെ തടയാനോ ശ്രമിച്ചില്ലെന്നും വിധുഷി പറഞ്ഞു. ബൈക്കിനു പിറകിലിരുന്നത് തന്റെ മകനോളം പ്രായമുള്ള ഒരു കുട്ടിയാണെന്നും അവര്‍ പറഞ്ഞു. ആറു വര്‍ഷമായി ദല്‍ഹിയില്‍ താമസിക്കുന്ന തനിക്ക് ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നും സംഭവത്തില്‍ ഞെട്ടിയെന്നും വിധുഷി പറഞ്ഞു.
ദല്‍ഹിയിലെ കുപ്രസിദ്ധരായ ടക് ടക് സംഘമാണ് ഈ പിടിച്ചുപറിക്കു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെ ശ്രദ്ധതിരിച്ച് കവര്‍ ചെയ്യുകയാണ് ഇവരുടെ രീതി. ഇതിനായി കാറിന്റെ ചില്ലില്‍ മുട്ടി ടയറില്‍ കാറ്റില്ലെന്നും പെട്രോള്‍ ചോരുന്നുണ്ടെന്നും കള്ളം പറഞ്ഞ് കാറോടിക്കുന്നവരുടെ ശ്രദ്ധതെറ്റിക്കും. കാര്‍ നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ സംഘമെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ബൈക്കിലാണ് ഈ സംഘമെത്തുക.