അമൃത്‌സര്‍- പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിനായി 13 വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നവജോത് സിംഗ് സിദ്ദുവിന്റെ കത്ത്. ഉയര്‍ത്തെഴുന്നേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്നാണ് സിദ്ദു ഇതിനെ വിശേഷിപ്പിച്ചത്.
പഞ്ചാബ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മുന്‍ഗണനാ മേഖലകള്‍ വ്യക്തമാക്കിയാണ് സിദ്ദുവിന്റെ കത്ത്. മതനിന്ദ കേസുകളിലെ നീതി, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നങ്ങള്‍, കാര്‍ഷിക പ്രശ്നങ്ങള്‍, വൈദ്യുതി, തൊഴില്‍ അവസരങ്ങള്‍, മണല്‍ ഖനനം, പിന്നോക്ക സമുദായത്തിന്റെ ക്ഷേമം അടക്കമുള്ളവയാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കെ.സി. വേണുഗോപാലിനേയും കണ്ടതിന് ശേഷമാണ് സിദ്ദു കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജിയും സിദ്ദു പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ, പ്രിയങ്ക, രാഹുല്‍ എന്നിവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ എന്ത് തീരുമാനമെടുത്താലും അത് കോണ്‍ഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കുമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും സിദ്ദു പറഞ്ഞു.