മക്ക - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ സർവീസ് നടത്തുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ 48 മണിക്കൂർ നേരത്തേക്ക് തീവണ്ടി സർവീസുകൾ റദ്ദാക്കി. പാതയിലെ വൈദ്യുതി സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ കാരണം. തകരാറ് ശരിയാക്കാനുള്ള ജോലികൾ തുടരുകയാണ്. . റെയിൽവെ സ്റ്റേഷനുകളിൽ യാത്രക്കാരുടെ കടുത്ത തിരക്ക് അനുഭവപ്പെട്ടു. അപ്രതീക്ഷിതമായാണ് സർവീസുകൾ റദ്ദാക്കിയതെന്നും ടിക്കറ്റ് നിരക്കുകൾ തിരികെ ഈടാക്കാമെന്നും ഇതിനു പുറമെ നഷ്ടപരിഹാരം നേടാമെന്നും അധികൃതർ തങ്ങളെ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു.
ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിന് ബസുകൾ ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഈയാവശ്യം റെയിൽവെ സ്റ്റേഷൻ ഉദ്യോഗസ്ഥർ തുടക്കത്തിൽ അംഗീകരിച്ചെങ്കിലും പിന്നീട് പുറകോട്ടുപോയതായി മദീന റെയിൽവെ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാർ പറഞ്ഞു. തകരാറ് ശരിയാക്കുന്ന ജോലികൾ ശനി, ഞായർ ദിവസങ്ങളിൽ തുടരുമെന്നും ഇതിനു ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്നും മദീന റെയിൽവെ സ്റ്റേഷൻ വൃത്തങ്ങൾ പറഞ്ഞു. ഇതിനു മുമ്പ് ഏറ്റവും ഒടുവിൽ ഹറമൈൻ റെയിൽവെയിൽ സാങ്കേതിക തകരാറു മൂലം ട്രെയിൻ സർവീസ് മുടങ്ങിയത് മൂന്നു വർഷം മുമ്പായിരുന്നു.