Sorry, you need to enable JavaScript to visit this website.

മിശ്രവിവാഹിതരുടെ പേരുകൾ പുറത്ത് വിട്ട് കൊലവിളി; ഹിന്ദുത്വ പേജ് ഫേസ്ബുക്ക് പൂട്ടി

ന്യൂദൽഹി- മിശ്രവിവാഹിതരായ ഹിന്ദു-മുസ്ലിം യുവതീ യുവാക്കളുടെ പേരു വിവരങ്ങൾ പരസ്യപ്പെടുത്തി അവർക്കെതിരെ കടുത്ത വിദ്വേഷ പ്രചരണവും കൊലവിളിയും നടത്തിയ ഹിന്ദുത്വ തീവ്രവാദികളുടെ പേജ് ഫേസ്ബുക്ക് പൂട്ടി. ഹിന്ദു വാർത്ത എന്ന പേജിലാണ് കഴിഞ്ഞ ദിവസം മിശ്ര ബന്ധത്തിലുള്ള 102 ഇണകളുടെ പേരുകളും അവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്കുകൾ പരസ്യപ്പെടുത്തി ഇവർക്കെതിരെ വർഗീയ ആക്രമണം നടത്താൻ ആഹ്വാനം ചെയ്തത്. 'ഇത് ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ പട്ടികയാണ്. ഇവിടെ നൽകിയിരിക്കുന്ന പേരുവിവരങ്ങൾ നോക്കി ഇവരെ വേട്ടയാടിപ്പിടിക്കാൻ ഹിന്ദു സിംഹങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുന്നു,' എന്ന കുറിപ്പിനൊപ്പമാണ് ഇണകളുടെ വിവരങ്ങളും പരസ്യമാക്കിയിരുന്നത്. 

പട്ടികയിൽ പരാമർശിച്ച സ്ത്രീകളെല്ലാം ഹിന്ദു നാമധാരികളും പുരുഷൻമാരെല്ലാം മുസ്ലിം നാമധാരികളുമാണ്. ഈ മുസ്ലിംകളെ ഉന്നമിട്ടാണ് ഹിന്ദുത്വർ ഫേസ്ബുക്കിലൂടെ പരസ്യമായി കൊലവിളി നടത്തിയത്. താമസിയാതെ ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു. തോക്ക് പ്രൊഫൈൽ ചിത്രമാക്കിയ ഹിന്ദുത്വ വാർത്ത എന്ന പേജ് ഇതോടെ ഫേസ്ബുക്ക് സ്വമേധയാ പൂട്ടുകയായിരുന്നു. പേജിൽ നിറയെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണുണ്ടായിരുന്നതെന്ന് ഓൾട്ട് ന്യൂസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളെ തോക്കു ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വീഡിയോകളും പശുവിനൊപ്പമുള്ള ഒരാളെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോയും പേജിലുണ്ടായിരുന്നു.
 

Latest News